ലോക്സഭാ തെരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം പാർട്ടി വോട്ടുകൾ ചോർന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനക്കാണ് പാർട്ടി പ്രാഥമികമായി എടുത്തിരിക്കുന്ന തീരുമാനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്തുന്ന സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും തുടരും. പാർട്ടി വോട്ടുകൾ ചോർന്നതാണ് തോൽവിയുടെ ആക്കംകൂട്ടിയെതെന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നിരുന്നു. മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനക്കാണ് പാർട്ടി പ്രാഥമികമായി എടുത്തിരിക്കുന്ന തീരുമാനം.
ആലപ്പുഴ , കണ്ണൂർ ജില്ലയിൽ അടക്കം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു എന്ന് കണക്കുകൾ നോക്കുമ്പോൾ സിപിഎമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് വോട്ട് ചോർന്നു എന്നതിനുള്ള ഉത്തരമാണ് വരും ദിവസങ്ങളിൽ സി.പി.എം കണ്ടെത്തേണ്ടത്. 20 മണ്ഡലങ്ങളിൽ നിന്നുമുള്ള കണക്കിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമിക ചർച്ചകളാണ് ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായത്. തെരഞ്ഞെടുപ്പ് തോൽവിയെ മറികടക്കാൻ വേണ്ടിയുള്ള തിരുത്തൽ നിർദേശങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയാകും.
സെക്രട്ടറിയേറ്റിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും. വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ സി.പി.എം തീരുമാനിച്ചേക്കും. പാർട്ടി വോട്ടുകൾ ചോർത്തുന്നതിൽ നേതാക്കന്മാർക്ക് പങ്കുണ്ടെങ്കിൽ നടപടിക്ക് ശിപാർശ ചെയ്തായിരിക്കും സെക്രട്ടറിയേറ്റ് റിപ്പോർട്ട് തയ്യാറാക്കുക.മാർഗ്ഗരേഖ തയ്യാറാക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.നാളെ മുതൽ മൂന്നുദിവസം സംസ്ഥാന കമ്മിറ്റി യോഗമാണ് ചേരുന്നത്.