മലപ്പുറം പൊലീസിലെ അഴിച്ചുപണി സർക്കാറിന്റെ കുറ്റസമ്മതം: സാദിഖലി ശിഹാബ് തങ്ങൾ
ഒരു പ്രദേശത്തെ മോശമാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ശിഹാബ് തങ്ങൾ
കോഴിക്കോട്: മലപ്പുറം പൊലീസിൽ നടത്തിയ സ്ഥലം മാറ്റത്തിലൂടെ സർക്കാർ വീഴ്ച സമ്മതിക്കുകയായിരുന്നു എന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരു പ്രദേശത്തെ മോശമാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ക്രിമിനൽ കേസുകളുടെ എണ്ണം വർധിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. ഈ വിഷയത്തിൽ മുസ്‍ലിം ലീഗ് ആണ് ആദ്യം പ്രക്ഷോഭം നടത്തിയത്. ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. സ്പീക്കറുടെ ആർഎസ്എസ് പ്രശംസയിൽ പ്രതികരിക്കാനില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മലപ്പുറം എസ്പി ശശിധരനെ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായാണ് സ്ഥലം മാറ്റിയത്. മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി. താനൂർ ഡിവൈഎസ്പി വി.വി ബെന്നിക്കും മാറ്റമുണ്ട്. പരാതിക്കാരിയോട് അനാവശ്യമായി ഇടപെടൽ നടത്തി എന്ന് കണ്ടെത്തിയ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെതിരെയും നടപടിയുണ്ട്. സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശ്ശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
മലപ്പുറത്തെ പൊലീസിൻറെ തലപ്പത്തുള്ള ഉദ്യോഗസ്ഥർക്കെതിരെ പി.വി അൻവർ എംഎൽഎ അടക്കമുള്ളവർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിച്ചു വരുന്നതിനിടയിലാണ് പൊലീസിന്റെ തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.