കണ്ണൂരില്‍ പള്ളികളിൽ വിവാദ സർക്കുലർ വിതരണം ചെയ്ത സംഭവം; കമ്മീഷണർ വിശദീകരണം തേടി
വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കു ശേഷം സാമുദായിക സൗഹാര്‍ദം തകർക്കുന്ന പ്രഭാഷണം പാടില്ലെന്നായിരുന്നു മയ്യിൽ പൊലീസിന്‍റെ സർക്കുലർ
കണ്ണൂര്‍: കണ്ണൂർ മയ്യിലിൽ പള്ളികളിൽ വിവാദ സർക്കുലർ വിതരണം ചെയ്തതിൽ പൊലീസ് കമ്മീഷണർ വിശദീകരണം തേടി. മയ്യിൽ എസ്.എച്ച്.ഒയോടാണ് വിശദീകരണം തേടിയത്. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കു ശേഷം സാമുദായിക സൗഹാര്‍ദം തകർക്കുന്ന പ്രഭാഷണം പാടില്ലെന്നായിരുന്നു മയ്യിൽ പൊലീസിന്‍റെ സർക്കുലർ.
പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മയ്യില്‍ പൊലീസ് പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയത്. മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് നോട്ടീസിലുള്ളത്. കമ്മീഷണര്‍ വിശദീകരണം ചോദിച്ചതോടെ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി എസ്.എച്ച്.ഒ രംഗത്തെത്തി.നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്‍റെ പ്രതിഷേധം ഉണ്ടായിരുന്നു.മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി.മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്.എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നും എസ്.എച്ച്.ഒ വിശദീകരിച്ചു.