'ഉരുൾപൊട്ടലിന് ശേഷം ഭൂമിക്കടിയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാറുണ്ട്'- നാഷണൽ സീസ്മോളജി സെന്റർ
വയനാട്ടിലേത് ഭൂചലനമല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി മിശ്ര പറഞ്ഞു.
ഡൽഹി: വയനാട്ടിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി മിശ്ര. ഉരുൾപൊട്ടലിന് ശേഷം പലയിടങ്ങളിലും ഇത്തരം ശബ്ദങ്ങൾ ഭൂമിക്കടിയിൽ നിന്നും കേൾക്കാറുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ല. ഭൂകമ്പം രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ടെന്നും വയനാട്ടില്‍ ഇതാകാം അനുഭവപ്പെട്ടതെന്നും ജില്ലാ കലക്ടറും വ്യക്തമാക്കിയിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് രാവിലെയാണ് അമ്പലവയൽ, വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചത്. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും നേരിയ വിറയലും അനുഭവപ്പെട്ടത്. റവന്യൂ അധികൃതരും ദുരന്ത നിവാരണ അതോറിറ്റിയും സ്ഥലം സന്ദർശിച്ചു. ജിയോളജിക്കൽ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയും ചെയ്തിരുന്നു.