മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ട് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കേണ്ട; സമൂഹമാധ്യമങ്ങളിലൂടെ എത്തിച്ചാല്‍ മതി: മന്ത്രി
നേരത്തെ മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിലെത്തിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
പുതിയ അധ്യയന വർഷം തുടങ്ങുന്നതിനോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അധ്യാപകർ നേരിട്ട് വീട്ടിലെത്തിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വാട്സാപ്പ് മുഖാന്തരമോ മറ്റ് സംവിധാനങ്ങൾ വഴിയോ സന്ദേശം വിദ്യാർഥികളിലെത്തിച്ചാൽ മതിയെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിലെത്തിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ വീട്ടിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറണമെന്ന ഡിപിഒയുടെ ഉത്തരവാണ് വിവാദത്തിന് വഴി വച്ചത്. നേരത്തെ ഓൺലൈനായി മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികളിൽ എത്തിക്കാൻ സംവിധാനം ഒരുക്കണമെന്നും അധ്യാപകർ ആവശ്യപെട്ടിരുന്നു
ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കും. തിരുവന്തപുരം വഴുതക്കാട് കോട്ടൺ ഹിൽസ് സ്‌കൂളിൽ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സ്‌കൂളുകളിൽ വെർച്ചൽ പ്രവേശനോത്സവവും നടക്കും. ഇതിനിടയിലാണ് വിദ്യാർഥികളുടെ വീടുകളിലേക്ക് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. കെ.ബി.പി.എസിൽ അച്ചടിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ ഡി.ഇ ഓഫീസുകളിലും എത്തിക്കും. അവിടെ നിന്നും എ.ഇ.ഒ ഓഫീസുകളിലും, പിന്നീട് സ്‌കൂളുകളിലും എത്തിക്കും. അധ്യാപകരും, പി.ടി.എ ഭാരവാഹികളും, സന്നദ്ധ പ്രവർത്തകരും വിദ്യാർഥികളുടെ വീടുകളിൽ അച്ചടിച്ച സന്ദേശം എത്തിക്കണമെന്നാണായിരുന്നു ഉത്തരവ്. പലരിലൂടെ കുട്ടികളുടെ കൈകളിൽ എത്തുന്ന അച്ചടിച്ച സന്ദേശം കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നായിരുന്നു വിമർശനം.