'കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിച്ചു'; ജോജുവിന് പിന്തുണയുമായി മന്ത്രി ശിവന്‍കുട്ടി
ജോജു ജോര്‍ജിനെ പിന്തുണച്ചാണ് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്
കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ നടന്ന സംഭവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജോജു ജോര്‍ജിനെ പിന്തുണച്ചാണ് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത താരത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകൊണ്ട നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം നടപടികള്‍ ഒരു സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്‍റെ ഉൾക്കാമ്പെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾക്ക് മുഖ്യമായ സ്ഥാനം ഉണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വർഗം അവകാശങ്ങൾ നേടിയെടുത്തത്. കോൺഗ്രസിന്‍റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല.
ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചത്. ജോജുവിന്‍റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ് തയ്യാറായി. "ഗുണ്ട" എന്നാണ് കെ.പി.സി.സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്‍റെ ഉൾക്കാമ്പ്.