സ്കൂൾ തുറക്കുന്നത് ജനം ഏറ്റെടുത്തുവെന്ന് മന്ത്രി വി.ശിവൻകുട്ടി
സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു. വിമർശനങ്ങൾ തള്ളിക്കളഞ്ഞ് സ്കൂൾ തുറക്കുന്നത് ജനം ഏറ്റെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാ സ്കൂളുകളും കുട്ടികളെ വരവേൽക്കാൻ തയ്യാറെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. കുട്ടികളുടെ ആരോഗ്യമാണ് മുഖ്യം. വിദ്യാർത്ഥികൾക്ക് യാത്രാ ക്ലേശം ഉണ്ടാകില്ല. വൻ തയ്യാറെടുപ്പുകൾ നടത്തിയാണ് സ്കൂൾ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും എല്ലാ ദിവസവും പ്രിൻസിപ്പാളുമാരുടെ റിവ്യൂ മീറ്റിങ് നടത്തും. ഇന്ന് സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി ആശംസകൾ നേർന്നു.
താളം നിലച്ചു പോയ ഡസ്കിനും ബെഞ്ചിനും ഇന്ന് ജീവന്‍ വക്കും. ജൂണ്‍ 1ന് സമാനമായ അന്തരീക്ഷമായതിനാല്‍ കുട്ടികള്‍ കുട ചൂടിയെത്തും. പ്രൈമറിക്കാര്‍ക്ക് ഇത് ആദ്യത്തെ സ്കൂള്‍ അനുഭവം. മനോഹരമായ ചുവരുകളും ഇതുവരെ ഓണ്‍ലൈനില്‍ മാത്രം പരിചിതമായ അധ്യാപകരെയും നേരില്‍ കാണാം. പ്രൈമറി, 10, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നു മുതല്‍ അധ്യയനം തുടങ്ങുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂള്‍ പ്രവേശനം.
നവംബര്‍ 15 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഓണ്‍ലൈന്‍ ക്ളാസുകളും സമാനമായി നടക്കും. രക്ഷാകര്‍ത്താക്കളുടെ ആശങ്ക ഒഴിവാക്കാന്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. 8,9 ക്ലാസുകള്‍ 15ന് തുടങ്ങും. ഇന്ന് 35 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. പത്താം ക്ലാസ് പരീക്ഷയടക്കം നടത്തി വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് വകുപ്പ്. രണ്ടു ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും മാത്രമാണ് സ്കൂളിലേക്ക് വരാൻ അനുമതി.