'വലിഞ്ഞുകയറി വന്നവരല്ല, മുന്നണിയിൽ അർഹമായ പരിഗണനയും ലഭിച്ചില്ല'; എൽഡിഎഫുമായി ഇടഞ്ഞ് ആർ.ജെ.ഡി
ചില പാർട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും എം.വി ശ്രേയാംസ് കുമാര്‍.
കോഴിക്കോട്: എൽഡിഎഫിൽ പരിഗണന കിട്ടുന്നില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാര്‍. തുടക്കം മുതലേ ആവശ്യപ്പെട്ട മന്ത്രി സ്ഥാനം തന്നില്ല. ആർ.ജെ.ഡി വലിഞ്ഞുകയറി വന്നതല്ലെന്നും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. നിലവിൽ മുന്നണി മാറ്റം ആലോചനയിൽ ഇല്ല. ചില പാർട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേർത്തു.
മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ ഞങ്ങളുടെ സീറ്റ് സി.പി.ഐ എടുത്തു. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സി.പി.ഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.