സവർക്കർ അനുകൂല പരാമർശം: പുറത്തുവന്നത് ഗവർണർക്കുള്ളിലെ ആർഎസ്എസെന്ന് എസ്എഫ്‌ഐ
ഇന്ത്യ കണ്ട ഏറ്റവും വലിയ മതതീവ്രവാദിയാണ് സവർക്കറെന്ന് വി.പി സാനു മീഡിയവണിനോട്


കോഴിക്കോട്: സവർക്കറെ പുകഴ്ത്തിയുള്ള ഗവർണറുടെ പരാമർശത്തിന് എതിരെ എസ്എഫ്ഐ. ഗവർണറുടെ ഉള്ളിലുള്ള ആർഎസ്എസുകാരനാണ് പുറത്തുവന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു മീഡിയവണിനോട് പറഞ്ഞു
'വർഗീയവാദികൾക്ക് ഓശാന പാടാനും രാജ്യദ്രോഹികളെ സ്നേഹിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നത്. സവർക്കർ ആരാണെന്ന് നന്നായി പഠിച്ചിട്ടുണ്ട്. പുതിയ പഠനത്തിന്റെ ആവശ്യമില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ മത തീവ്രവാദിയാണ് സവര്‍ക്കര്‍. മഹാത്മാഗാന്ധിയുടെ വധത്തിലടക്കം പങ്കെടുത്ത് ഇന്ത്യയെ രണ്ടാക്കാനാണ് സവർക്കർ ശ്രമിച്ചത്. മുൻ ഗവർണർക്ക് താൻ ആർഎസ്എസുകാരൻ ആണെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഗവർണർക്ക് അതിന്റെ ആവശ്യമില്ല അദ്ദേഹം ഒരു ആർഎസ്എസുകാരനാണ്'.വി.പി സാനു പറഞ്ഞു.
സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാളെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞിരുന്നു.കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറില്‍ അതൃപ്തി അറിയിച്ചായിരുന്നു ഗവർണറുടെ പരാമര്‍ശം. 'വി നീഡ് ചാൻസലർ നോട്ട് സവർക്കർ' എന്ന ബാനറിലാണ് ഗവർണറുടെ പ്രതികരണം.
സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചോദിച്ചു.സർവകലാശാലയിലേക്ക് കയറിയപ്പോൾ പോസ്റ്റർ കണ്ടു. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നത്? സവർക്കർ എന്താണ് ചെയ്തതെന്ന് ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്ക് എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്ന് ശ്രദ്ധിക്കണമെന്നും വി.സിയോട് ഗവർണർ ആവശ്യപ്പെട്ടു.