രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക് ഇല്ല? സാധ്യത മങ്ങുന്നു

കർണാടകയിലെയും തെലങ്കാനയിലെയും സീറ്റുകൾ പരിഗണനയിൽ

Update: 2024-02-25 02:08 GMT
Advertising

കോഴിക്കോട്: കോൺഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. കർണാടകയിലോ തെലങ്കാനയിലോ മത്സരിക്കുമെന്നാണ് സൂചന. ഇൻഡ്യ മുന്നണിയിലെ പാർട്ടി സ്ഥാനാർഥികളോടുള്ള മത്സരം ഒഴിവാക്കാനാണ് നടപടിയയെന്നാണ് വിവരം. രാഹുലിന് പകരം സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമായി.

വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺ​ഗ്രസ് കരുതുന്നു. രാഹുലിന്റെ വരവ് തടയാനുദ്ദേശിച്ച് ദേശീയ നേതാവായ ആനിരാജയുടെ പേരാണ് സി.പി.ഐ പരിഗണിക്കുന്നത്.

ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ സ്ഥാനാർഥിയോട് മത്സരിക്കുന്നതിന് പകരം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് രാഹുല്‍ ഗാന്ധി മുന്‍ഗണ നല്കുന്നതെന്നാണ് വിവരം. കർണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ട്. ഇതോടെ ഇത്തവണ വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കും.

രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പകരം ആരായിരിക്കും എന്ന ചർച്ചകളും കോണ്ഗ്രസിനകത്ത് തുടങ്ങിയിട്ടുണ്ട്. മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാവ് എം.ഐ. ഷാനാവാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ല്‍ ടി. സിദ്ധീഖിനെയാണ് സ്ഥാനാർഥിയായി ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിദ്ധീഖ് പിന്മാറി.

മുസ് ലിം വോട്ടുകള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ മുസ് ലിം സ്ഥാനാർഥിയെ തന്നെ നിയോഗിക്കണമെന്നാണ് കോണ്ഗ്രസില്‍ തന്നെയുള്ള ചർച്ച. സി.പി.എം സ്ഥാനാർഥി പട്ടികയിലെ മുസ് ലിം പ്രാതിനിധ്യവും കോണ്ഗ്രസിനറ് ശ്രദ്ധയിലുണ്ട്. യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന്‍, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, ഷാനിമോള്‍ ഉസ് മാന്‍ എന്നിവരക്കം നേതാക്കന്മാർ പരിഗണനയിലുണ്ട്.

പരിഗണനയിലുള്ള മലബാറിലെ നേതാക്കളില്‍ കെ.പി. നൗഷാദലിക്ക് ഇരുവിഭാഗം സമസ്തയടക്കം മുസ് ലിം സംഘടനകളുമായുള്ള ബന്ധം മുന്‍തൂക്കം നല്കുന്നുണ്ട്. പൊന്നാനിയില്‍ സമസ്തയുമായി ബന്ധമുള്ള കെ.എസ്. ഹംസയെ സി.പി.എം സ്ഥാനാർഥിയാക്കിയതിന് മറുതന്ത്രം മെനയാനും നൗഷാദലിയെ സ്ഥാനാർഥിയാക്കുന്നതിലൂടെ കഴിയമെന്നാണ് കരുതുന്നത്. വയനാട് മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുന്ന മുറക്ക് കോണ്ഗ്രസ് ഔദ്യോഗിക ചർച്ചയിലേക്ക് കടക്കും.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News