രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കും
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബി.ജെ.പിയുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സിസി ആഹ്വാനം അനുസരിച്ച് ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്ന് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളാവും സംഘടിപ്പിക്കുകയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
ബി.ജെ.പിക്കും സംഘ്പരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി ആരോപിച്ചു. ബി.ജെ.പിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജിൽ രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബി.ജെ.പി രാഹുൽ ഗാന്ധിയുടെ ജീവൻ തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.