ബി.ജെ.പിയുടെ കുതിപ്പ് ഭാരത് ന്യായ് യാത്രയിലൂടെ തടയാമെന്ന കണക്ക് കൂട്ടലില്‍ കോൺഗ്രസ്
ഭാരത് ജോഡോ യാത്ര തെക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു ഏറെ ഉണർവ് നൽകിയിരുന്നു
ഡല്‍ഹി: ബി.ജെ.പിയുടെ കുതിപ്പ് ഭാരത് ന്യായ് യാത്രയിലൂടെ തടയാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. ഭാരത് ജോഡോ യാത്ര തെക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു ഏറെ ഉണർവ് നൽകിയിരുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രധാന മുഖമായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യം കൂടി യാത്രയ്ക്ക് പിന്നിലുണ്ട്.
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം,ഭാരത് ന്യായ് യാത്ര തുടങ്ങി എട്ടാമത്തെ ദിവസമാണ്. അയോധ്യ മുഖ്യ അജണ്ടയായി മുന്നോട്ട് വയ്ക്കുന്ന ബി.ജെ.പിക്കെതിരെയുള്ള കോൺഗ്രസിന്‍റെ തുറുപ്പു ചീട്ടാണ് രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് യാത്ര. വിലക്കയറ്റം,തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളാണ് യാത്രയിൽ ഉയർത്തി കാട്ടുക. ഇത്തരം ജനകീയ പ്രശനങ്ങൾ ചർച്ചയാകാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ബി.ജെ.പി മറച്ചു വയ്ക്കുന്ന ഈ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഇതിനു ഉതകുന്ന കൂടിക്കാഴ്ചകൾ ആണ് യാത്രയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. മണിപ്പൂർ സംഘർഷത്തിൽ പ്രധാന മന്ത്രിയുടെ ഇടപെടൽ വേണ്ട രീതിയിൽ ആയിരുന്നില്ല എന്ന വിമർശനം കൂടുതൽ ശക്തമായി രാഹുൽ ഗാന്ധി ഉയർത്തും. വിശ്വാസമല്ല മറിച്ചു ജനങ്ങൾ നിത്യേന അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് പ്രധാനമെന്നു ബോധ്യ പ്പെടുത്താൻ കഴിഞ്ഞാല്‍ വലിയ രാഷ്ട്രീയമാറ്റത്തിനു കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്രയെക്കാൾ കൂടുതൽ ദൂരം ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.