സാക്ഷരതാ പ്രേരക്മാർക്ക് ആശ്വാസം; പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കും
305 ദിവസമായി പ്രേരക്മാർ നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാരെ പഞ്ചായത്തുകളിലെക്ക് പുനർവിന്യസിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ 305 ദിവസമായി നടത്തി വന്ന സമരം പ്രേരക്മാർ അവസാനിപ്പിക്കും.
സാക്ഷരതാ മിഷന് കീഴിൽ നിന്നും തദ്ദേശവകുപ്പിന് കീഴിലേക്ക് പുനർവിന്യസിപ്പിക്കുക. ഹോണറേറിയം വർധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രേരക്മാർ സമരം ആരംഭിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31ന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതിനാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതുമൂലം സംസ്ഥാനത്തെ 1,714 പ്രേരകുമാർ പ്രതിസന്ധിയിലായിരുന്നു.
ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് സാക്ഷരതാ പ്രേരകായ കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ് ബിജുമോൻ ജീവനൊടുക്കിയിരുന്നു. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകായിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ നടക്കുന്ന പ്രേരകുമാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു.മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയയാളാണ് ബിജു. 20 വർഷമായി സാക്ഷരത പ്രേരകായി പ്രവർത്തിച്ചുവരികയായിരുന്നു.