സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈ.എസ്.പി ഹരികൃഷ്ണൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

സോളാർ കേസിൽ സരിത എസ്. നായരെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതു മുതൽ പ്രതിയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിൽ വരെ ഹരികൃഷ്ണന്‍ ആരോപണമുനയിലായിരുന്നു

Update: 2023-04-29 06:02 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കായംകുളം രാമപുരം റെയിൽവേ ക്രോസിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ കാറും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ റെയിൽവേ ട്രാക്കിൽനിന്ന് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നു രാവിലെയാണ് മരിച്ചത് ഹരികൃഷ്ണനാണെന്ന് സ്ഥിരീകരിച്ചത്. ഹരിപ്പാട് കുമാരപുരം സ്വദേശിയാണ് ഹരികൃഷ്ണൻ. പെരുമ്പാവൂർ ഡിവൈ.എസ്.പിയായിരുന്ന സമയത്താണ് സോളാർ കേസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നത്.

മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഹരികൃഷ്ണൻ കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിന്റെ കാറിൽനിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Full View

സോളാർ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കേസടക്കം ഹരികൃഷ്ണനെതിരെയുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസുള്ളത്. സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും നേരിട്ടിരുന്നു. സരിത എസ്. നായരെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതുമുതൽ പ്രതിയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിൽ വരെ ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് 'ദിശ' ഹെൽപ്ലൈനിൽ ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ: 1056, 04712552056)

Summary: Rt. DySP K. Harikrishnan, who was the investigating officer in the solar case, found dead after being hit by a train in railway track

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News