സമസ്ത- സി.ഐ.സി തർക്കം തുടരുന്നു; വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി
വാഫി വഫിയ്യ ഫൈനൽ സെമസ്റ്റർ പരീക്ഷക്കെത്തിയ വിദ്യാർഥികളെ വളാഞ്ചേരി മർക്കസിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി
മലപ്പുറം: വാഫി വഫിയ്യ പരീക്ഷക്കെത്തിയ വിദ്യാർഥികളെ സമസ്തക്ക് കീഴിലുള്ള വളാഞ്ചേരി മർകസിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. സ്ഥാപനത്തിന് തൊട്ടടുത്ത് വീട്ടിൽ താൽക്കാലികമായി ഒരുക്കിയ കേന്ദ്രത്തിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയതെന്ന് ആരോപണം.സി.ഐ.സി - സമസ്ത തർക്കത്തിനിടെയാണ് പുതിയ വിവാദം.
വാഫി വഫിയ്യ ഫൈനൽ സെമസ്റ്റർ പരീക്ഷക്കെത്തിയ വിദ്യാർഥികളെയാണ് വളാഞ്ചേരി മർക്കസിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതി ഉയരുന്നത്. ഇതോടെ പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ തൊട്ടടുത്ത വീട്ടിൽ താൽക്കാലികമായി ഒരുക്കിയ സ്ഥലത്തും ആൺകുട്ടികൾ വളാഞ്ചേരിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിലുമാണ് പരീക്ഷ എഴുതിയത്. റമദാൻ അവധി കഴിഞ് ആദ്യമായാണ് വിദ്യാർഥികൾ പരീക്ഷയ്ക്കായി ക്യാമ്പസിലെത്തിയത്. സമസ്തക്ക് കീഴിലുള്ള വളാഞ്ചേരി മർകസ് അടച്ചിടണമെന്ന് സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ നിർദേശമുണ്ടെന്നാണ് ലഭിച്ച വിശദീകരണമെന്നും ഇനിയുള്ള പരീക്ഷകളും താൽക്കാലിക സംവിധാനങ്ങളിൽ എഴുതേണ്ട അവസ്ഥയിലാണെന്നും വിദ്യാർഥികൾ പറഞ്ഞു.
സി.ഐ.സി മുൻ ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയാണ് വളാഞ്ചേരി മർക്കസിനു കീഴിലുള്ള വാഫി- വഫിയ്യ കോളേജുകളുടെ പ്രിൻസിപ്പാൾ. വാഫി - വഫിയ്യ പഠന രീതി ആദ്യമായി ആരംഭിച്ചതും വളാഞ്ചേരി മർകസിലാണ്. ആദൃശേരി ഹംസക്കുട്ടി മുസ്‍ലിയാർ സെക്രട്ടറി പദവിയും വഹിക്കുന്ന വളാഞ്ചേരി മർകസിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ് . സി.ഐ.സി ക്ക് ബദലായി സമസ്ത അവതരിപ്പിച്ച ദേശീയ വിദ്യഭ്യാസ പദ്ധതിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിദ്യാർഥികളെ പരീക്ഷക്കായി സ്ഥാപനത്തിൽ കയറാൻ അനുവദിക്കാത്തതെന്നുമാണ് വിദ്യാർഥികളുടെ ആരോപണം.
സി.ഐ.സിക്ക് കീഴിലുള്ള 20 ഓളം സ്ഥാപനങ്ങൾ സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലേക്ക് മാറി. ഈ സ്ഥാപനങ്ങളിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിൽ സി.ഐ.സി ക്ക് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് മാറിയാണ് വാഫി - വഫിയ്യ പരീക്ഷ എഴുതിയത്.