നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷന്‍ ട്രയല്‍; കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനെതിരെ കേസെടുത്തു
കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾക്കും ജില്ലയിൽ നിയന്ത്രണം നിലനിൽക്കെയാണ് സെലക്ഷന്‍ ട്രയല്‍ നടത്തിയത്
കോഴിക്കോട്: നിപ നിയന്ത്രണങ്ങൾ ലംഘിച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനെതിരെ കേസെടുത്തു. ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. കിനാലൂർ ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് ഗ്രൗണ്ടില്‍ നടന്ന സെലക്ഷൻ ട്രയൽസിനെതിരെയാണ് കേസെടുത്തത്.
ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷനാണ് ട്രയൽസ് നടത്തിയത്. ഇന്നു രാവിലെയാണ് പനങ്ങാട് പഞ്ചായത്തിലെ കിനാലൂരിലുള്ള ഉഷാ സ്‌കൂൾ ഗ്രൗണ്ടിൽ ട്രയൽസ് നടപടികൾ ആരംഭിച്ചത്. കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾക്കും ജില്ലയിൽ നിയന്ത്രണം നിലനിൽക്കെയായിരുന്നു ഇത്. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ട്രയൽസിനായി എത്തിയിരുന്നു.
ജില്ലാ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് നടത്തരുതെന്ന് നേരത്തെ കലക്ടറും മന്ത്രിമാരും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാംപ്യൻഷിപ്പ് മാറ്റിവച്ചു. എന്നാൽ, കഴിഞ്ഞ ദിവസമാണ് 16നു നടക്കുന്ന സെലക്ഷൻ ട്രയൽസിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾക്കു കത്ത് ലഭിച്ചത്.
ഇന്ന് ട്രയൽസ് ആരംഭിച്ചതോടെ നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി. ചാംപ്യൻഷിപ്പ് നടത്താൻ വാക്കാലുള്ള അനുവാദം ലഭിച്ചിട്ടുണ്ടെന്നാണ് അത്‌ലറ്റിക്‌സ് ഭാരവാഹികൾ അധികൃതരെ അറിയിച്ചത്.എന്നാൽ, ജില്ലാ കലക്ടറെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ ഇക്കാര്യം നിഷേധിച്ചു. തുടർന്ന് സെലക്ഷൻ ട്രയൽസ് പഞ്ചായത്ത് ഇടപെട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു.