റിദാൻ വെടിയേറ്റു മരിച്ച കേസ്; എസ്പി സുജിത് ദാസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് കുടുംബം
നിലമ്പൂരിൽ ക്യാമ്പ് ചെയ്ത സുജിത് ദാസ് അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് ആരോപണം.
മലപ്പുറം: എടവണ്ണയിലെ റിദാൻ വെടിയേറ്റു മരിച്ച കേസിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് കുടുംബം. നിലമ്പൂരിൽ ക്യാമ്പ് ചെയ്ത സുജിത് ദാസ് അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് ആരോപണം. റിദാന്റെ ഫോണിൽ പല ഉന്നതരെയും കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും ഫോൺ ഇതുവരെ പരിശോധിക്കാൻ തയ്യാറായിട്ടില്ലെന്നും പിതൃസഹോദരൻ മുജീബുറഹ്മാൻ പറഞ്ഞു.
സാധാരണ കൊലപാതകം നടന്നാൽ എസ്പി എത്താറില്ല. എന്നാൽ റിദാൻ കൊല്ലപ്പെട്ട വാർത്ത പ്രചരിച്ചതോടെ വൻ പൊലീസ് സംഘമാണ് എത്തിയത്. എസ്പി നേരിട്ടെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. കേസ് കഴിയുന്നത് വരെ എസ്പി നിരന്തരം ഇടപെടുകയായിരുന്നു. 40 ലക്ഷം രൂപ കുടുംബത്തിന് നൽകി കേസ് ഒത്തുതീർപ്പാക്കുമെന്ന് ഷാൻ പറഞ്ഞുവെന്ന് എസ്പിയാണ് പറഞ്ഞത്. കേസിന്റെ ആദ്യവസാനം എസ്പി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.