ആര്‍സിസിയിലെ ഒളികാമറ ആരോപണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
മെഡിക്കൽ കോളജ് മുൻ വാർഡ് കൗൺസിലർ ജി.എസ് ശ്രീകുമാറാണ് പരാതി നൽകിയത്
തിരുവനന്തപുരം: ആർസിസിയിൽ ഒളികാമറ വെച്ച ജീവനക്കാരനെതിരെ ശക്തമായി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി.മെഡിക്കൽ കോളജ് മുൻ വാർഡ് കൗൺസിലർ ജി.എസ് ശ്രീകുമാറാണ് പരാതി നൽകിയത്. ആരോപണ വിധേയനായ രാജേഷ് കെ.ആറിനെ മാറ്റി നിർത്തണമെന്നും പൊലീസ് അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഗുരുതരമായ പരാതി ഉയർന്നിട്ടും ലാബ് ജീവനക്കാരനായ രാജേഷിനെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റുക മാത്രമാണ് ചെയ്തിരുന്നത്.
ആർസിസിയിലെ മെഡിക്കൽ ലബോറട്ടറിയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരാണ് പരാതിക്കാർ. വസ്ത്രം മാറുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉപയോഗിക്കുന്ന മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നാണ് പരാതി. ഇവർക്കൊപ്പം ജോലി ചെയ്യുന്ന സൂപ്പർവൈസർ ചാർജുള്ള ടെക്നിക്കൽ ഓഫീസർ രാജേഷ് കെ ആറിനെതിരെയാണ് പരാതി. ഇയാൾ ജീവനക്കാരോട് മോശമായി സംസാരിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ജീവനക്കാരെ ജാതീയമായി അധിക്ഷേപിച്ചതായും ജീവനക്കാർ പരാതി നൽകി. വനിതാ ജീവനക്കാരുടെ സംഭാഷണങ്ങൾ പോലും രാജേഷ് ഒളിക്യാമറയിൽ പകർത്തി. സംഭവം അറിഞ്ഞ ജീവനക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ ആർസിസി ഡയറക്ടർക്ക് പരാതി നൽകി. എന്നാൽ പരാതിയിൽ ആദ്യം നടപടിയെടുക്കാൻ മാനേജ്മെന്‍റ് തയ്യാറായില്ല. ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാട് ഡയറക്ടർ സ്വീകരിച്ചെന്നും വനിതാ ജീവനക്കാർ പറഞ്ഞു. പിന്നീട് ജീവനക്കാരുടെ സംഘടന ഇടപെട്ട് നവംബറിൽ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മറ്റിക്ക് പരാതി നൽകി.
ഐസിസി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം നടത്തിയ ഇൻ്റേണൽ കമ്മിറ്റി രാജേഷിനെതിരെ നടപടിയെടുക്കണമെന്ന് മാനേജ്മെന്‍റിനെ അറിയിച്ചു. സസ്പെൻഷൻ അടക്കമുള്ള നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടും മറ്റൊരു ഡിപ്പാർട്ട്മെന്‍റിലേക്ക് മാറ്റുക മാത്രമാണ് ഡയറക്ടർ ചെയ്തത്. ലാബിൽ നിന്ന് ക്യാഷ് കൗണ്ടറിലേക്ക് മാറ്റി ഡയറക്ടർ ഉത്തരവിറക്കി. ആരോപണ വിധേയനെ സംരക്ഷിക്കാനാണ് മാനേജ്മെന്‍റ് ശ്രമിക്കുന്നതെന്ന് വനിതാ ജീവനക്കാരും സംഘടനയും കുറ്റപ്പെടുത്തി. വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് കടുത്ത നടപടി വേണമെന്നാവശ്യപ്പെടാനാണ് ജീവനക്കാരുടെ തീരുമാനം.