60ഉം 70ഉം പേരെ കുത്തിനിറയ്ക്കാൻ പുത്തരിക്കണ്ടം മൈതാനമല്ല മലബാറിലെ ക്ലാസ് മുറികൾ; വിമർശനവുമായി എസ്.എസ്.എഫ്
നിർദിഷ്ട മാനദന്ധങ്ങൾക്കുമപ്പുറം വിദ്യാർഥികളിരിക്കുന്ന ക്ലാസുകളിലേക്ക് മാർജിനൽ വർധനവ് എന്ന പേരിൽ വീണ്ടും സീറ്റ് കുത്തിനിറയ്ക്കുന്നത് വിദ്യാർഥികളോടുള്ള ചതിയാണ്.
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം തുടരുന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എസ്.എഫ്. 60ഉം 70ഉം പേരെ കുത്തിനിറയ്ക്കാൻ പുത്തരിക്കണ്ടം മൈതാനമല്ല മലബാറിലെ ക്ലാസ് മുറികളെന്ന് എസ്.എസ്.എഫ് ചൂണ്ടിക്കാട്ടി. പ്ലസ് വൺ സീറ്റ് ക്ഷാമം വടക്കൻ ജില്ലകളിൽ നിലനിൽക്കുകയും ഇത് സംബന്ധിച്ച് തുടർച്ചയായ വർഷങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിട്ടും ശാശ്വത പരിഹാരം കാണാതെ ഉദാസീനമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് കുറ്റപ്പെടുത്തി.
എസ്.എസ്.എൽ.സി റിസൽട്ട് വന്ന് പ്ലസ് വൺ അഡ്മിഷൻ സമയത്തും അഡ്മിഷന്റെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും താത്കാലിക സീറ്റ് വർധനവും നാമമാത്രമായ താത്കാലിക ബാച്ചുകളും അനുവദിക്കുന്ന പതിവ് തുടർക്കഥയാവുകയാണ്. ഈ വർഷവും ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന പ്രതീതി സൃഷ്ടിക്കുന്ന സമീപനം വഞ്ചനാപരമാണെന്നും എസ്.എസ്.എഫ് ഫേസ്ബുക്ക് പേജിലൂടെ വിമർശിച്ചു.
നിർദിഷ്ട മാനദന്ധങ്ങൾക്കുമപ്പുറം വിദ്യാർഥികളിരിക്കുന്ന ക്ലാസുകളിലേക്ക് മാർജിനൽ വർധനവ് എന്ന പേരിൽ വീണ്ടും സീറ്റ് കുത്തിനിറയ്ക്കുന്നത് വിദ്യാർഥികളോടുള്ള ചതിയാണ്. ഇത്തരത്തിലുള്ള താത്കാലിക വർധനവ് വഴി 65ലധികം വിദ്യാർഥികൾ ഒരേ ക്ലാസിൽ ഇരിക്കേണ്ടി വരുന്ന സാഹചര്യം അധ്യയനത്തെ സാരമായി ബാധിക്കുന്നതും വിദ്യാർഥികളുടെ അവകാശം നിഷേധിക്കുന്നതുമാണ്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച വിവിധ റിപ്പോർട്ടുകൾ മേശപ്പുറത്ത് വച്ച് പ്രവേശനത്തിന്റെ പടിവാതിൽക്കൽ എടുക്കുന്ന താത്കാലിക നടപടികളല്ല വടക്കൻ ജില്ലകൾക്ക് ആവശ്യം. എല്ലാ വർഷവും സീറ്റ് വർധിപ്പിക്കുന്നു എന്ന പ്രഖ്യാപനം വഴി പ്രശ്നപരിഹാരമായി എന്ന പ്രതീതി സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും സ്ഥിരം പരിഹാരത്തിനുള്ള ആവശ്യങ്ങളോട് മുൻവിധിയോടെ പുറം തിരിഞ്ഞു നിൽക്കുകയുമല്ല സർക്കാർ ചെയ്യേണ്ടതെന്നും എസ്.എസ്.എഫ് കൂട്ടിച്ചേർത്തു.