മുസ്‌ലിം ലീഗിൽ പോര് മുറുകുന്നു; സംസ്ഥാന കമ്മിറ്റിയിൽ പി.എം.എ സലാമിന് കൂടുതൽ പിന്തുണ

ജില്ലാ കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി സാദിഖലി തങ്ങൾ

Update: 2023-03-17 14:02 GMT
Editor : afsal137 | By : Web Desk
Advertising

മലപ്പുറം: മുസ്‌ലിം ലീഗിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. ജില്ലാ കമ്മറ്റികളുടെ പിന്തുണ തങ്ങൾക്കെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു. കൂടുതൽ ജില്ലാ കമ്മറ്റികൾ പിന്തുണച്ചെന്ന് പി.എം.എ സലാം പക്ഷവും എം.കെ മുനീർ പക്ഷവും ഒരുപോലെ അവകാശവാദമുന്നയിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് അവകാശവാദമുയർന്നത്. എന്നാൽ നിലവിലെ സംസ്ഥാന കമ്മറ്റിയിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ പി.എം.എ സലാമിനാണ്.

മുസ്‌ലിം ലീഗിന്റെ പുനഃസംഘടന ലക്ഷ്യമാക്കി നാളെയാണ് സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട് ചേരുന്നത്. ഇതിന് മുന്നോടിയായാണ് എം.കെ മുനീർ പക്ഷത്തിന്റെയും സലാം പക്ഷത്തിന്റെയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നത്. പിന്നാലെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുഴുവൻ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലീഗ് സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും അഭിപ്രായം ആരായുകയാണ് സാദിഖലി തങ്ങളുടെ ലക്ഷ്യം.

13 ജില്ലാ കമ്മിറ്റികളും തങ്ങളെ പിന്തുണച്ചുവെന്ന് പി.എം.എ സലാം പക്ഷം അവകാശവാദമുന്നയിച്ചു. കോഴിക്കോട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി മാത്രമാണ് മുനീറിനെ പിന്തുണച്ചതെന്നും സലാം പക്ഷം വ്യക്തമാക്കി. കോഴിക്കോടിന് പുറമെ, കാസർകോട്, തൃശൂർ, ഇടുക്കി, തെക്കൻ ജില്ലകളിൽ നിന്നുള്ളവരടക്കം മുനീറിനെ പിന്തുണച്ചുവെന്ന് എം.കെ മുനീർ പക്ഷവും തുറന്നടിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ സലാമിനേയാണ് പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ പിന്തുണച്ചത്. മുനീർ ജനറൽ സെക്രട്ടറിയാവട്ടെയെന്ന് മറ്റു മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. സമയാവത്തിലൂടെ ലീഗ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കാനാണ് സാദിഖലി തങ്ങൾ ലക്ഷ്യമിടുന്നത്.

ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി നാളത്തെ സംസ്ഥാന കൗൺസിൽ യോഗത്തിൽ തർക്കം രൂക്ഷമാകാനാണ് സാധ്യത. ലീഗ് പുനഃസംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവില്ലെന്നും മുസ്‌ലിം ലീഗിന്റെ കീഴ്‌വഴക്കം അതല്ലെന്നും സാദിഖലി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനുള്ള സാഹചര്യം മുസ്ലിം ലീഗിൽ രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് ചേർന്ന ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ പി.എം.എ സലാമിനെ ഭൂരിഭാഗം പേരും പിന്തുണച്ചപ്പോൾ കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയ നേതാക്കൾ എം.കെ മുനീറിനെയാണ് പിന്തുണച്ചത്. പി.എം.എ സലാമിനെ കൂടുതൽ നേതാക്കൾ പിന്തുണക്കുന്നുണ്ടെങ്കിലും മുനീർ പക്ഷം സമ്മർദം ശക്തമാക്കിയാൽ തെരഞ്ഞെടുപ്പിനുള്ള സാധ്യതയും കൂടുതലാണ്. 

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News