കേരളത്തിലേക്ക് കൊണ്ടുവന്ന പാലിൽ യൂറിയ; പിടികൂടി ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ
സംസ്ഥാനത്ത് കടുത്ത പാൽ ക്ഷാമമാണ് നേരിടുന്നത്
Update: 2022-08-18 13:38 GMT
പാലക്കാട്: കേരള- തമിഴ് നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി. മീനാക്ഷിപുരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവന്ന 12750 ലിറ്റർ പാൽ പിടികൂടിയത്. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. തുടർ നടപടികൾ സ്വീകരിക്കാൻ പാൽ ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറി.
സംസ്ഥാനത്ത് കടുത്ത പാൽ ക്ഷാമമാണ് നേരിടുന്നത്. ഇത് മുതലെടുത്താണ് സ്വകാര്യ കമ്പനികൾ തമിഴ്‌നാട്ടിൽ നിന്നും പാലിൽ മായം കലർത്തി വിൽപ്പനക്ക് എത്തിക്കുന്നത്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കനായാണ് യൂറിയ ചേർത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഓണകാലത്ത് മായം ചേർത്ത പാൽ പിടികൂടിയിരുന്നു. ഓണം പ്രമാണിച്ച് പരിശോധന ശക്തമാക്കനാണ് ക്ഷീരവികസന വകുപ്പിന്റെ തീരുമാനം.