ദേശീയ പതാക എങ്ങനെ ഉയർത്തണം എന്ന് പോലും അറിയാത്തവർ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസം: മന്ത്രി വി ശിവൻകുട്ടി
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം
ദേശീയ പതാക എങ്ങനെ ഉയർത്തണം എന്ന് പോലും അറിയാത്തവർ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വീരമൃത്യു വരിച്ച ധീര ജവാൻ എസ് രതീഷിന്റെ പ്രതിമ ആര്യനാട് ഗ്രാമ പഞ്ചായത്തിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയർത്തിയത്. ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന തലവൻ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടത്.
സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ നാം തീർച്ചയായും ഓർക്കേണ്ട ചിലതുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി രക്ഷപ്പെട്ടവർ ആണ്. അവർക്ക് അവരുടെ സൗകര്യമാണ് ദേശീയത എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.