വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ; ഒമ്പത് പേർ ആശുപത്രിയിൽ
തിരുവനന്തപുരത്ത് നിന്നെത്തിയ വിനോദസഞ്ചാരികളെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട്: വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതേതുടര്‍ന്ന് ഒമ്പത് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് കമ്പളക്കാടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം ഉച്ചയോടുകൂടി അസ്വസ്ഥതകളുണ്ടായെന്നാണ് വിനോദസഞ്ചാരികള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. 29 പേരടങ്ങുന്ന ഒരു സംഘമായാണ് ഇവര്‍ വയനാട്ടിലെത്തിയത്. എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
അതേസമയം, കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച കേസിൽ ഐഡിയൽ കൂൾ ബാറിന്‍റെ പാർട്ണർ അഹമ്മദ് അറസ്റ്റിലായി. കടയിലെ രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും, ജില്ലാ കലക്ടർക്കുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും അടച്ചുപൂട്ടാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം. ഭക്ഷ്യ വിഷബാധയുണ്ടായ ഐഡിയൽ കൂൾബാറിലേക്ക് കോഴിയിറച്ചി നൽകിയ കോഴിക്കട ലൈസൻസ് ഇല്ലാത്തതിനാൽ ഇന്നലെ അടച്ചു പൂട്ടിയിരുന്നു.
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ലഭിച്ച നിര്‍ദേശം. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു. ഗുണ മേൻമയുളള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.