ലോകോപകാരപ്രദം നൃത്തം! മേതിൽ ദേവികയുടെ "ദി ക്രോസ്ഓവർ" ഉൾക്കൊള്ളലിന്റെ വേറിട്ട വഴി

നൃത്തത്തെ വിവിധങ്ങളായ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നത് ദേവികയുടെ നിരന്തരമായ പരീക്ഷണങ്ങളാണ്. ഒരു സ്റ്റേജ് എന്ന തലത്തിൽ നിന്ന് മാറി മറ്റു തുറസ്സുകളിലേക്ക് നൃത്തം പുനരാവിഷ്കരിക്കുമ്പോഴും ആസ്ട്രോണോമിക്കൽ സൈൻ ലാംഗ്വേജ് പ്രോജക്ടിന്റെ ഭാഗമായി നിർമി ക്കുമ്പോഴും പാരമ്പര്യ മുദ്രാശസ്ത്രത്തിനെ അടിസ്ഥാനമാക്കി കൊണ്ട് തന്നെ നിർമിക്കുന്ന പുതിയ ചിന്താമാനങ്ങളാകുന്നു.

Update: 2023-12-08 09:41 GMT
Advertising

ശരീരത്തിന്റെ ഭാഷയാണ് നൃത്തം. നൃത്തം കല മാത്രമല്ല ആശയ വിനിമയ മാധ്യമം കൂടിയാണ്. സമൂഹത്തെ ബോധവൽക്കരിക്കുന്നതിൽ കലകൾ ചെലുത്തിയ സ്വാധീനം നമുക്ക് അറിയാം. അതിർവരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തകല ഉദാത്തമായ ആനന്ദത്തേടൊപ്പം ആത്മീയോന്നതിയും നൽകുന്നു. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അത് ലക്ഷ്യത്തിലെത്തുന്നത്. കേരളത്തിന്റെ തനതു നൃത്തം അതിന്റെ വലിയൊരു ലക്ഷ്യം കൈവരിച്ചിരിക്കുന്നു. ഡോ. മേതിൽ ദേവികയിലൂടെ."ദി ക്രോസ്ഓവർ" എന്ന് പേരിട്ടിരിക്കുന്ന ഈ നൃത്താവിഷ്കാരം ശ്രവണ ബുദ്ധിമുട്ടുള്ളവർക്കായി സ്‌നേഹത്തോടെയും സൂക്ഷ്മതയോടെയും തയ്യാറാക്കിയ ഒരു ഗംഭീരസൃഷ്ടി തന്നെയാണ്. കേൾവിക്കുറവുള്ള (ഇന്ത്യൻ ആംഗ്യഭാഷ) വ്യക്തികളുടെ ആംഗ്യഭാഷ സംയോജിപ്പിച്ച് നൃത്തം ചെയ്യുമ്പോൾ, ഡോ. മേതിൽ ദേവിക തന്റെ ആശയവിനിമയ സാധ്യതകളെ / വിശ്വാസങ്ങളെ പുനർനിർവചിക്കുമ്പോൾ അത് ഭാരതീയ ശാസ്ത്രീയ നൃത്ത പാരമ്പര്യത്തെ ഏറെ ശക്തിപ്പെടുത്തുന്നു. ഈ നൃത്ത പ്രകടനം നൂതനമായ ഒരാവിഷ്കാരമായി രൂപാന്തരപ്പെടുന്നു. ക്ലാസിക്കൽ നൃത്ത ചരിത്രത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും കലകളുടെ പാരസ്പര്യത്തിന്റെയും തന്നെ ഒരു പ്രധാന വഴിത്തിരിവായി ഇത് മാറുന്നത് അവരോടൊപ്പം ഓരോ മലയാളിക്കും അഭിമാനിക്കാം.

കേരളത്തിൽ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക.. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു അടിസ്ഥാനപ്രമാണമായി ഈ കൃതി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.ഹസ്തങ്ങൾ അല്ലെങ്കിൽ മുദ്രകൾ പാട്ടുകളുടെ അർത്ഥങ്ങൾ അറിയിക്കുന്നു, സാഹചര്യത്തിനനുസൃതമായി ആംഗ്യങ്ങളിലൂടെ ഒരു വികാരം പ്രകടിപ്പിക്കാൻ സഹായിക്കുന്നു, അത് പ്രേക്ഷകർക്ക് ഒരു ദൃശ്യവിസ്മയമാക്കി മാറ്റുന്നു. ആംഗിക അഭിനയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുദ്രകൾ ."ഹസ്തലക്ഷണദീപിക" എന്ന വാക്കിന്റെ തന്നെ അർത്ഥം കൈമുദ്രകളുടെ ഉദ്ദേശ്യം കാണിക്കുന്ന വിളക്ക്/വെളിച്ചം എന്നാണ്.നാട്യശാസ്ത്രത്തിലും അഭിനയ ദർപ്പണയിലും തരംതിരിച്ചിരിക്കുന്ന ഹസ്തകൾ ഹസ്ത ലക്ഷണ ദീപികയിൽ നിന്ന് അൽപം വ്യത്യസ്തമാണ്. അതേസമയം നാട്യശാസ്ത്രവും അഭിനയ ദർപ്പണവും മറ്റ് പരമ്പരാഗത രൂപങ്ങൾ ജനപ്രിയമായി പിന്തുടരുന്നു. ഹസ്തലക്ഷണദീപികയുടെ ഗ്രന്ഥത്തിൽ നിന്നുള്ളതാണ് കേരള പാരമ്പര്യത്തിന്റെ കൈമുദ്രകൾ. ഇരുപത്തിനാല് കൈ മുദ്രകൾ അടങ്ങിയതാണവ . ആശയവിനിമയവും സ്പർശിക്കുന്നതുമായ അഭിനയം മനോഹരമായി അവതരിപ്പിക്കുക എന്നത് മോഹിനിയാട്ടത്തിൻറെ കാതലാണ്. മോഹിനിയാട്ടത്തിന്റെ വേരുകളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും വർഷങ്ങളോളം നീണ്ട ഗവേഷണം നടത്തിയ ഡോ. മേതിൽ ദേവിക സർപതത്വം, അഹല്യ തുടങ്ങിയ അനവധി നൃത്താവിഷ്കാരങ്ങളിലൂടെ ശ്രദ്ധനേടിയ നർത്തകിയാണ്. തുടർന്നുള്ള ഗവേഷണം മോഹിനിയാട്ടം ശേഖരത്തിലെ പല വിടവുകളും നികത്താനും സാങ്കേതികതയുടെ മറന്നുപോയ അധ്യായങ്ങൾ തിരുത്തിയെഴുതാനും അവരെ പ്രേരിപ്പിച്ചു. ആട്ടത്തിൻറെ ദേശി / പ്രാദേശിക വശങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിലും അംഗ -നേത്രാഭിനയത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും അവർ നൽകിയ സംഭാവന വളരെ വലുതാണ്.

ശാരീരികമോ ബൗദ്ധികമോ ആയ വൈകല്യമുള്ള ആളുകൾ പലപ്പോഴും വൈകല്യമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ വർദ്ധിച്ച മാനസിക ക്ലേശങ്ങൾ നേരിടുന്നു. മിക്കപ്പോഴും, വൈകല്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക കളങ്കമാണ് ഈ ദുരിതങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ട് ശരിയായ വൈകല്യങ്ങളുടെ കാരണം മനസ്സിലാക്കുന്നതും അതിനായി വാദിക്കുന്നതും അവർക്കു ചുറ്റുമുള്ള ഓരോരുത്തരുടെയും കടമയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബധിര വിദ്യാഭ്യാസം ,വികലാംഗ നിയമത്തിന്റെ 32-ാം വാർഷികത്തോട് അടുക്കുമ്പോൾ, കാലക്രമേണ വൈകല്യങ്ങളെക്കുറിച്ചുള്ള ധാരണ എങ്ങനെ മാറിയെന്നതിനും ."ദി ക്രോസ്ഓവർ" സാക്ഷ്യം വഹിക്കുന്നുപുതിയ മെഡിക്കൽ മുന്നേറ്റങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, പുതിയ വിദ്യാഭ്യാസ അവസരങ്ങൾ എന്നിവയുടെ വരവോടെ, ബധിര വിദ്യാഭ്യാസ മേഖല അതിവേഗം മാറുകയും വികസിക്കുകയും ചെയ്യുന്നു. ബധിരരായ ജനങ്ങളുമായി വിജയകരമായി പ്രവർത്തിക്കാൻ അധ്യാപകരും വ്യാഖ്യാതാക്കളും സാമൂഹിക സേവന ദാതാക്കളും അറിയേണ്ടതും ചെയ്യേണ്ടതും എന്താണെന്നതിനെക്കുറിച്ചുള്ള മറ്റ് ഗ്രന്ഥങ്ങളിൽ പലപ്പോഴും കാണാത്ത അതുല്യമായ വിഷയങ്ങൾ നൃത്തത്തിലൂടെ ഡോ. മേതിൽ ദേവിക വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവരുമായും സമൂഹവുമായും ബന്ധിപ്പിക്കുകയും ഇടപഴകുകയും ചെയ്യുക ആശയവിനിമയത്തിനുള്ള ബിൽഡിംഗ് ബ്ലോക്കുകൾ ആശയവിനിമയ രീതി തിരഞ്ഞെടുക്കൽ എല്ലാം അതിൽ പ്രധാനപ്പെട്ടതാണ്.

 

ഐ എസ് എൽ [ISL-INDIAN SIGN LANGUAGE] ഇൻറെഗ്രേറ്റ് ചെയ്ത ഒരു വർക്ക് ചെയ്യുക എന്ന് പറയുന്നത് തന്നെ അക്കാദമിക തലത്തിൽ ഇതിനു കിട്ടിയ വലിയ ഒരു അംഗീകാരമാണ്. ഡോ. മേതിൽ ദേവിക പറയുന്നു: “Inclusion എന്ന് പറയുന്നത് പലപ്പോഴും അവർ നമ്മളെ പഠിക്കുക അല്ലെങ്കിൽ അവരെ നമ്മളിലോട്ട് കൊണ്ടുവരിക എന്നുള്ളതിനെക്കാൾ ഈയൊരു സാഹചര്യത്തിൽ എനിക്ക് തോന്നിയത് ഞാൻ അവരുടെയിടത്തിലേക്ക് പോവുക എന്നതാണ്. അതും inclusion ആണ് .നമ്മൾ അങ്ങനെപോകുമ്പോൾ പിന്നെ അവർ disabled /challenged അല്ല .എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് നമ്മൾ അവരുടെ ഭാഷ മനസിലാക്കാത്ത ഇടത്തോളം കാലം നമ്മൾ ആണ് challenged ആവുന്നത് എന്നാണ്‌ . ഐ എസ് എൽ ലിൽ ഒരു ഡാൻസ് ചെയ്ത് അവരെ നമ്മുടെ ക്രാഫ്റ്റിലേക്ക് കൊണ്ടുവരിക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. മോഹിനിയാട്ടത്തെപ്പോലെയുള്ള കലാരൂപങ്ങൾ പ്രേക്ഷകർക്ക് കാണാൻ ഉള്ള അവസരങ്ങൾ ഇന്ന് ധാരാളമായുണ്ട്. പക്ഷെ ഇവർക്ക് ഒരു സൈൻലാംഗ്വേജ് വിദഗ്ധന്റെ സഹായം കൊണ്ടോ അല്ലെങ്കിൽ അവർ സ്വയമോ ചെയ്യുമായിരിക്കും .എന്നാൽ ഒരു പ്രൊഫെഷണൽ ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ വിചാരിക്കുന്ന രീതിയിൽ നമ്മുടെ സർഗാത്മകതയുടെ എല്ലാ സാധ്യതയും അവരിലേക്ക് എത്തിക്കുക എന്നത് , ഐ എസ് എൽ ലിൽ ഒരു ജാലകം ആയി ഉപയോഗിക്കുകയാണ്ഞാൻ ചെയ്‌തത്‌ . ആ ജാലകം തുറന്നു അവരെ നമ്മുടെ ലോകത്തേക്കാണ് വരുന്നത് .അതായത് ഞാൻ വിഭാവനം ചെയ്ത ഒരു സര്ഗാത്മകലോകത്തേക്ക് . ഞാൻ നിർമിച്ച് ഏകോപിപ്പിച്ചെടുത്ത ഒരു കലാലോകത്തേക്ക്! അതുപോലെ മറ്റുള്ളവർ ചെയ്‌താൽ ആ ലോകത്തേയ്ക്ക്!

ഇതിനായി ഒരു പ്രത്യേകരീതിയിലുള്ള ഒരു പഠന രീതിശാസ്ത്രം ആണ് ഞാൻ അവലംബിച്ചത് എന്ന് മാത്രം .വെറുതെ അവരുടെ ഭാഷയിൽ ചെയ്യുക എന്നതല്ല പകരം അതിനു വേണ്ടി അതിന്റെതായ രീതിയിൽ ചിഹ്ന ഭാഷയുമായി പരസ്പര്യപ്പെടുത്തികൊണ്ടുള്ള ഒരു രീതിശാസ്ത്രം എനിക്ക് അതിനായി ഉരുവപ്പെടുത്തിയെടുക്കേണ്ടതായി വന്നു. അങ്ങനെ ഇവർ യോജിക്കുന്ന ഒരു ബിന്ദുവിൽ അതായത് കലയും ഞാനും പ്രേക്ഷകരും എല്ലാം ഒന്നാകുന്ന ഒരു ബിന്ദു-അത് മുദ്രകൾ അടക്കം അടങ്ങിയതാണ് .ഭിന്നമനസ്സുകൾ തമ്മിലാണ് അവിടെ ആശയവിനിമയം നടത്തുന്നത്. ഇരുപത്തിമൂന്നു മിനിട്ടു ദൈർഘ്യമുള്ള ."ദി ക്രോസ്ഓവർ" ഈ വീഡിയോയിൽ അത് പ്രത്യക്ഷവുമാണ്.

Full View

അവർതമ്മിലുള്ള ഒരു സംഭാഷണം/ആശയവിനിമയം അതിലുണ്ട്. ഒരു നൃത്തവേദിയിൽ എൻറെ നൃത്തം അവർ വളരെ നന്നായി ആസ്വദിക്കുകയും എന്നാൽ ആശയം മനസിലാകാതെ വിഷമിക്കുന്നതുമായ അവസ്ഥ ഞാൻ അറിയുകയുണ്ടായി. നമ്മൾ മുഖ്യധാരയിലെത്തിക്കാത്ത വലിയൊരു വിഭാഗത്തിനും കല അറിഞ്ഞു ആസ്വദിക്കാനുള്ള അവസരം നൽകേണ്ടതുണ്ട്.അവരെയും ആ ആസ്വാദന വഴിയിൽ എത്തിക്കേണ്ടതുണ്ട് എന്ന ഒരു ചിന്തയിൽ നിന്നാണ് ഈയൊരു ആശയം എനിക്ക് ലഭിച്ചത്. അത് ലളിതമല്ല എന്നും അതിനു ദീർഘനാളത്തെ സമയവും പരിശീലനവും ആവശ്യമാണെന്നും ഞാൻ മനസിലാക്കി. ശേഷം ഐ എസ് എൽ വഴി ഞാൻ ഇത് പഠിക്കാൻ തുടങ്ങി. ഓർഗാനിക് ആയ മുദ്രാ ഭാഷയെ /ആംഗിക അഭിനയത്തെ അറിയാൻ ഇങ്ങനെയും സാദ്ധ്യതകൾ ഉണ്ട് എന്ന അറിവിലേക്കായി അതിനുള്ള രീതികൾ നിർമിച്ചു.”

നൃത്തത്തെ വിവിധങ്ങളായ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നത് ദേവികയുടെ നിരന്തരമായ പരീക്ഷണങ്ങളാണ്. ഒരു സ്റ്റേജ് എന്ന തലത്തിൽ നിന്ന് മാറി മറ്റു തുറസ്സുകളിലേക്ക് നൃത്തം പുനരാവിഷ്കരിക്കുമ്പോഴും ആസ്ട്രോണോമിക്കൽ സൈൻ ലാംഗ്വേജ് പ്രോജക്ടിന്റെ ഭാഗമായി നിർമി ക്കുമ്പോഴും പാരമ്പര്യ മുദ്രാശസ്ത്രത്തിനെ അടിസ്ഥാനമാക്കി കൊണ്ട് തന്നെ നിർമിക്കുന്ന പുതിയ ചിന്താമാനങ്ങളാകുന്നു. സൗന്ദര്യശാസ്ത്രപരമായി ദേവികയെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം മാറ്റിമറിച്ച ഒന്ന് ക്രോസ്സ് ഓവർ എന്ന ഈ ഡോക്യൂമെന്റഷൻ ആണ്. കാരണം ദേവിക പറയുന്നു: “നമ്മൾ ഇതുവരെ അവഗണിച്ചിരുന്ന ഒരു സമൂഹത്തിനുള്ളിലേക്ക് ,അവരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനായത് ഏറെ സംതൃപ്തി തരുന്നു. എല്ലാം അറിയാവുന്ന ഗ്രഹിക്കാവുന്ന ഒരു ആസ്വാദകവൃന്ദത്തിനുമുന്നിൽ അവതരിപ്പിക്കുക എന്നതിനപ്പുറം,അത് ഒരു പക്ഷെ ആസ്വദിക്കാം ആസ്വദിക്കാതെയിരിക്കാം എന്തുമാവാം. ഇത് അങ്ങനെയല്ല നമ്മൾ മനഃപൂർവം പഠിച്ചു വന്ന എല്ലാ രീതികളെയും അടിമുടി മാറ്റിക്കൊണ്ട് വേറെ ഒരു തലത്തിലേക്ക് അതിനെ പുനർ നിർമിക്കുകയാണ്. നമുക്ക് എങ്ങനെ ഉപകാരമുണ്ടാകുക എന്ന ചിന്തയിൽ നിന്നും നമ്മുടെ ഒരു സൃഷ്ടി മറ്റുള്ളവർക്ക് എങ്ങനെ ഉപകാരപ്രദമാകുന്നു എന്നതാണ് പ്രധാനം”.

ഇതുവരെകണ്ടും കെട്ടും പരിശീലിച്ചു പഴകിയ ഒരു പാരമ്പര്യത്തെ അടിമുടി മാറ്റിമറിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഏതൊരു സാഹചര്യത്തെയും തന്റെ പ്രതിഭ കൊണ്ടും നൈപുണികൊണ്ടും നേരിടാനുള്ള ഊർജ്ജം ഉണ്ട് ആ വാക്കുകളിൽ.

തന്റെ നർത്തന പാടവത്തിനും ഗവേഷണനൈപുണിക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഡോ. മേതിൽ ദേവിക ഇപ്പോൾ ഐഎസ്ആർഒയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ആർട്‌സ്-ഇന്റഗ്രേറ്റഡ്-അഡ്‌വാൻസ്-സയൻസ് പ്രോജക്റ്റിൽ പ്രവർത്തിച്ച് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യുകയാണ്, വനിതാ നർത്തകിക്കുള്ള ഒരു പുതിയ പെർഫോമൻസ് സ്പേസ് എന്ന നിലയിൽ ടെമ്പിൾ ടെറൈൻ: ആധുനിക സ്ത്രീ നിഗൂഢ സ്ഥലങ്ങളിൽ തന്റെ കലയെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ ഗവേഷണം നടത്തിയതിന് 2023-ലെ കേരള മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ഡോ. മേതിൽ ദേവികക്ക് ലഭിച്ചിട്ടുണ്ട്.

Writer - André

contributor

Editor - André

contributor

By - ഡോ. വിനി ദേവയാനി

contributor

Similar News