മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി: പലായനം ചെയ്ത മുസ്‍ലിംകള്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍

Update: 2018-04-22 07:44 GMT
Editor : Sithara
മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി: പലായനം ചെയ്ത മുസ്‍ലിംകള്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍
Advertising

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തില്‍ നിന്നും വീടുപേക്ഷിച്ച് ജീവനും കൊണ്ടോടിയ ഇരുന്നൂറോളം മുസ്‍ലിംകളാണ് പട്ടിണിയിലായത്

മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണി മൂലം രാജസ്ഥാനിലെ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത മുസ്‍ലിം കുടുംബങ്ങള്‍ ഭക്ഷണവും വെളളവുമില്ലാതെ ദുരിതത്തില്‍. ജയ്‌സാല്‍മീര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തില്‍ നിന്നും വീടുപേക്ഷിച്ച് ജീവനും കൊണ്ടോടിയ ഇരുന്നൂറോളം മുസ്‍ലിംകളാണ് പട്ടിണിയിലായത്. ജെയ്സാല്‍മീര്‍ ഭരണകൂടം താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കിയിരുന്നെങ്കിലും രണ്ട് ദിവസമായി ഇവര്‍ക്ക് ഭക്ഷണമെത്തിച്ചില്ല. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ലാത്ത താല്‍ക്കാലിക കേന്ദ്രത്തില്‍ ദുരിതമനുഭവിക്കുകയാണ്.

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ പാടാനെത്തിയ അഹമ്മദ് ഖാനെന്ന മുസ്‍ലിം ഗായകനെ പ്രദേശത്തെ പ്രമുഖനായ രമേഷ് സുതാറിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ആവശ്യപ്പെട്ട രാഗത്തില്‍ പാടാന്‍ രമേഷ് സുതാര്‍ അഹമ്മദ് ഖാനെ നിര്‍ബന്ധിച്ചു. അങ്ങനെ പാടുമ്പോള്‍ ദൈവികശക്തി വിശ്വാസികളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. എന്നാല്‍ അഹമ്മദ് ഖാന്‍ പാടിയപ്പോള്‍ തന്‍റെ ശരീരത്തില്‍ ദൈവിക ചെതന്യമുണ്ടായില്ലെന്ന് പറഞ്ഞ് സുതാര്‍ പ്രശ്നമുണ്ടാക്കി. അഹമ്മദ് ഖാന്റെ സംഗീത ഉപകരണങ്ങള്‍ നശിപ്പിച്ചു. അന്ന് രാത്രി തന്നെ പാട്ടുകാരനായ അഹമ്മദ് ഖാനെ വീട്ടില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് സുതാറിന്‍റെ ആളുകള്‍ അഹമ്മദ് ഖാന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്ത ഗ്രാമത്തില്‍ നിന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് കുടുംബത്തിന് പരാതി നല്‍കാനുള്ള ധൈര്യമുണ്ടായത്. പിന്നാലെ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ഗ്രാമത്തിലെ മുഴുവന്‍ മുസ്‍ലിംകളോടും നാട് വിട്ട് പോകണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ഇരുന്നൂറോളം മുസ്‍ലിംകള്‍ വീടും ഗ്രാമവും വിട്ട് അടുത്ത ഗ്രാമത്തില്‍ അഭയം തേടിയത്. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടാണ് ഇവര്‍ക്കായി താല്‍ക്കാലികകേന്ദ്രം ഒരുക്കിയത്.

എല്ലാ ദിവസവും ഭക്ഷണമെത്തിക്കാനുള്ള ഫണ്ടില്ലെന്നാണ് ജെയ്സാല്‍മീര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ കമ്മീഷണര്‍ ജബ്ബാര്‍ സിങ് പറഞ്ഞത്. മുസ്‍ലിംകളെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കുമെന്നാണ് ജില്ലാഭരണകൂടെ പറയുന്നത്. എന്നാല്‍ തിരിച്ചുപോകാന്‍ ഭയമാണെന്നും മറ്റൊരു സ്ഥലത്ത് താമസസൌകര്യം ഒരുക്കണമെന്നുമാണ് മുസ്‍ലിം കുടുംബങ്ങളുടെ ആവശ്യം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News