വായ്പയെടുത്ത് മനഃപൂര്‍വ്വം തിരിച്ചടക്കാത്തവരുടെ പേര് വെളിപ്പെടുത്താനാകില്ല: റിസര്‍വ് ബാങ്ക്
രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ നിയപ്രകാരമുള്ള ആവശ്യം ആര്‍ ബി ഐ നിരസിച്ചു.
വായ്പയെടുത്ത് മനഃപ്പൂര്‍വ്വം തിരിച്ചടക്കാത്തവരുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ്വ് ബാങ്ക്. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ നിയപ്രകാരമുള്ള ആവശ്യം ആര്‍ ബി ഐ നിരസിച്ചു. കിട്ടാകടം വരുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നടപടി.
പൊതു-സ്വകാര്യ ബാങ്കുകളിലായി ഒരു കോടിയിലധികം രൂപയുടെ വായ്പ കുടിശ്ശികയുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകനും വ്യവസായിയുമായ സുഭാഷ് അഗര്‍വ്വാളാണ് റിസര്‍വ്വ് ബാങ്കിനെ സമീപിച്ചത്. വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്നും വാണിജ്യപരമായ ആത്മവിശ്വാസം തകരുമെന്നുമായിരുന്നു വിവരവാകാശ പ്രകാരമുള്ള അപേക്ഷക്ക് റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം. ക്രെഡിറ്റ് വിവരങ്ങള്‍ പുറത്ത് വിടാതിരിക്കാനനുവദിക്കുന്ന ആര്‍ ബി ഐ നിയമത്തിലെ 45 ഇ - വകുപ്പും കാരണമായി പറഞ്ഞിട്ടുണ്ട്.
2015 ഡിസംബര്‍ 16 ന് ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍ കിട്ടാകടക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന ആര്‍ ബി ഐ വാദം അന്ന് കോടതി തള്ളിയിരുന്നു. ഈ വിധി മറി കടന്നാണ് ആര്‍ ബി ഐ യുടെ ഇപ്പോഴത്തെ നടപടി. പൊതു മേഖല ബാങ്കുളില്‍ മാത്രം 6.6 ലക്ഷം കോടിയുടെ കിട്ടാകടമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.