നോട്ട് അസാധുവാക്കല്‍: പ്രതിസന്ധിയില്‍ ഉടന്‍ പരിഹാരമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

Update: 2018-05-09 01:15 GMT
നോട്ട് അസാധുവാക്കല്‍: പ്രതിസന്ധിയില്‍ ഉടന്‍ പരിഹാരമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
Advertising

പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായാണ് വിശദീകരണം നല്‍കിയത്.

നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയില്‍ പരിഹാരം ഉടന്‍ കാണുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായാണ് വിശദീകരണം നല്‍കിയത്. വിഷയത്തില്‍ പിഎസിയുടെ ചോദ്യാവലിക്ക് ഇന്നലെ ഉര്‍ജിത് പട്ടേല്‍ മറുപടി നല്‍കിയിരുന്നു. അടുത്ത ബജറ്റിന് മുന്‍പ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനാണ് പിഎസിയുടെ തീരുമാനം.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന സംശങ്ങള്‍ ക്രോഡീകരിച്ച് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് തയ്യാറാക്കിയ ചോദ്യാവലിയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയിരുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നോട്ട് അസാധുവാക്കല്‍ എങ്ങിനെ ബാധിക്കും?
ഇത്തരമൊരു തീരുമാനം എങ്ങനെ കൈക്കൊണ്ടു? ആര്‍ബിഐ കേന്ദ്രങ്ങളിലെത്തി മാറാനാകാത്ത പ്രവാസികളുടെ പക്കലുള്ള പണം എന്ത് ചെയ്യും? ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധുനോട്ടുകളുടെ മൂല്യം? കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്ക് വളരാന്‍ രാജ്യം എത്രമാത്രം സജ്ജമാണ്?
തുടങ്ങിയവയായിരുന്നു പ്രധാന ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ ഉര്‍ജിത് പട്ടേല്‍ എഴുതി നല്‍കിയിരുന്നു.

ആര്‍ബിഐ ഗവര്‍ണര്‍ക്ക് വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാനായില്ലെങ്കില്‍ ആവശ്യമെങ്കില്‍ ലോക്സഭാ സ്പീക്കറുടെ സമ്മതത്തോടെ പ്രധാനമന്ത്രിയെ വിളിപ്പിക്കാമെന്ന് പിഎസി ചെയര്‍മാന്‍ കെ വി തോമസ് ഇന്നലെ പറഞ്ഞിരുന്നു. കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തുടര്‍നീക്കം സംബന്ധിച്ച് തീരുമാനമെടുക്കുക.

Tags:    

Similar News