കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കില്ലേ? യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കില്ലേ? ഇല്ലെന്ന് അമിത് ഷായോട് ബിജെപിക്കാര്‍
വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഈ സര്‍ക്കാറിനെ പിഴുതെറിയില്ലേ എന്ന ചോദ്യത്തിന് ഇല്ല (നഹി) എന്ന മറുപടി ലഭിച്ചതോടെ അമിത് ഷാ വിയര്‍ത്തു
ഹിന്ദി സംസാര ഭാഷയല്ലാത്ത കര്‍ണാടകയിലെ വോട്ടര്‍മാരോട് ഹിന്ദിയില്‍ സംസാരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുടുങ്ങി. ചോദ്യങ്ങള്‍ക്ക് അപ്രതീക്ഷിത മറുപടികള്‍ ലഭിച്ചതോടെ അമിത് ഷാ ഞെട്ടി. ഉടന്‍ തന്നെ പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്താന്‍ ബിജെപി നേതാവ് അരവിന്ദ് ലിംബാവലിയുടെ സഹായം തേടി.
നിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും എന്തെങ്കിലും പണം ലഭിച്ചിട്ടുണ്ടോ എന്ന അമിത് ഷായുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സദസ്സിലുണ്ടായിരുന്നവരുടെ മറുപടി. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഈ സര്‍ക്കാറിനെ പിഴുതെറിയില്ലേ എന്ന ചോദ്യത്തിനും ഇല്ല (നഹി) എന്ന മറുപടി ലഭിച്ചതോടെ അമിത് ഷാ വിയര്‍ത്തു. ബിജെപി അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പയെ നിങ്ങള്‍ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യത്തിനും ഷായെ ഞെട്ടിച്ച് ബിജെപി പ്രവര്‍ത്തകരുടെ മറുപടി ഇല്ല എന്നായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ അമിത് ഷാ പ്രസംഗം പരിഭാഷപ്പെടുത്താന്‍ ആളെത്തേടി. മുന്‍ ആരോഗ്യമന്ത്രി അരവിന്ദ് ലിംബാവലി ആ ദൌത്യം ഏറ്റെടുത്തു. ചിത്രദുര്‍ഗയിലെ ഹൊലാല്‍കെറെയിലെ പ്രചരണത്തിലാണ് ഹിന്ദി അറിയാത്ത പ്രവര്‍ത്തകരോട് ഹിന്ദിയില്‍ സംസാരിച്ച് അമിത് ഷാ വെട്ടിലായത്.