ജയിലില്‍ അച്ഛനൊപ്പം താമസിച്ച മകന് ഐ.ഐ.ടിയില്‍ റാങ്ക്

Update: 2018-05-24 11:56 GMT
ജയിലില്‍ അച്ഛനൊപ്പം താമസിച്ച മകന് ഐ.ഐ.ടിയില്‍ റാങ്ക്
Advertising

രാജസ്ഥാനിലെ കോട്ടയിലെ ജയിലില്‍ കഴിയുന്ന ഫൂല്‍ ചന്ദിന്റെ മകന്‍ പീയുഷ് ഗോയലാണ് അച്ഛനോടൊപ്പം ജയില്‍ താമസിച്ച് 453-ആം റാങ്ക് നേടിയത്.

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാളുടെ മകന് ഐ.ഐ.ടി പ്രവേശ പരീക്ഷയില്‍ ഉയര്‍ന്ന വിജയം. രാജസ്ഥാനിലെ കോട്ടയിലെ ജയിലില്‍ കഴിയുന്ന ഫൂല്‍ ചന്ദിന്റെ മകന്‍ പീയുഷ് ഗോയലാണ് അച്ഛനോടൊപ്പം ജയില്‍ താമസിച്ച് 453-ആം റാങ്ക് നേടിയത്.

രണ്ടു വര്‍ഷമായി പീയുഷ് ഗോയല്‍ ജയിലിലാണ് താമസം. വളരെ ചെറിയ ഒരു മുറിയില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അയാള്‍. ദാരിദ്ര്യം മൂലം ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിക്കാന്‍ കഴിയാത്തതിനാല്‍ കോട്ടയിലെ തുറന്ന ജയിലിലെ സെല്ലില്‍ അച്ഛനോടൊപ്പം താമസിച്ചാണ് പീയുഷ് പഠിച്ചത്.

തുറന്ന ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്ത് ജോലിക്ക് പോകാന്‍ അനുമതി ഉള്ളതിനാല്‍ ഫൂല്‍ ചന്ദ് ഒരു കടയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന നിസ്സാര വരുമാനം കൊണ്ട് മകന് ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ത്തിരുന്നു. പ്രവേശ പരീക്ഷയില്‍ 453റാങ്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അച്ഛനും ജയിലിലെ ഉദ്യോഗസ്ഥരും തന്നെ സഹായിച്ചെന്നും പീയുഷ് പറഞ്ഞു.

പീയുഷിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ജീവിതത്തോട് പൊരുതിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും ജയില്‍ സൂപ്രണ്ട് ശങ്കര്‍ സിങ് പറഞ്ഞു. രാജ്യത്തെ മികച്ച ഐഐടികളിലൊന്നില്‍ പീയുഷിന് പഠിക്കാം. ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ഫൂല്‍ ചന്ദ് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി വൈകാതെ മോചിതനാകും.

Tags:    

Similar News