കശ്മീരില്‍ കര്‍ഫ്യൂ അന്‍പതാം ദിവസം; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 71 പേര്‍
പ്രക്ഷോഭകര്‍ക്ക് നേരേ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്നലെ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.
കശ്മീരിലെ കര്‍ഫ്യൂ അമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭകര്‍ക്ക് നേരേ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്നലെ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയി. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം കശ്മീര്‍ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
50 ദിവസങ്ങള്‍. നഷ്ടപ്പെട്ടത് 71 ജീവിതങ്ങള്‍. പരിക്കേറ്റവര്‍ ഇരുപതിനായിരത്തിലധികം. എവിടെയും വെടിയൊച്ചകള്‍ മാത്രം. എല്ലായിടത്തും മുഴങ്ങുന്നത് ആസാദി മുദ്രാവാക്യങ്ങള്‍.
ജൂലൈ 8 ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. 69 സാധാരണക്കാരും 2 പൊലീസുകാരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. കൂടുതലും യുവാക്കള്‍. സൈന്യത്തിന്റെ പെല്ലറ്റ്ഗണ്‍ പ്രയോഗത്തില്‍ ആയിരക്കണക്കിന് കശ്മീരികള്‍ക്ക് പരിക്കേറ്റു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടു.
പത്രസ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുകയും നിയന്ത്രണത്തെ തുടര്‍ന്ന് അച്ചടി നിര്‍ത്തിവേക്കേണ്ടി വരികയും ചെയ്തു. കര്‍ഫ്യൂ ലംഘിച്ച് ദിവസവും നടക്കുന്നത് 100 കണക്കിന് പ്രതിഷേധപ്രകടനങ്ങളാണ്. കശ്മീരിന്റെ മുക്കിലും മൂലയിലും ജനങ്ങള്‍ ഇങ്ങനെ തെരുവിലിറങ്ങിയ സാഹചര്യം ചരിത്രത്തിലാദ്യമാണെന്ന് മുഖ്യധാര രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ മുതിര്‍ന്ന നേതാവ് ഇഫ്തിഖാര്‍ ഹുസൈന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര്യകശ്മീര്‍ വാദികള്‍ക്കൊപ്പം ചേര്‍ന്നതും പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.