ബിജെപി ഭരണത്തിന്‍ കീഴില്‍ ബാബ രാംദേവിന്റെ ബിസിനസ്സ് വളര്‍ച്ച പതിന്മടങ്ങായി

Update: 2018-05-27 09:23 GMT
ബിജെപി ഭരണത്തിന്‍ കീഴില്‍ ബാബ രാംദേവിന്റെ ബിസിനസ്സ് വളര്‍ച്ച പതിന്മടങ്ങായി
Advertising

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുച്ഛമായ വിലക്ക് ഭൂമി

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം പതിന്മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ബാബ രാംദേവ് സ്ഥാപിച്ച കമ്പനിയുടെ 2013ലെ വരുമാനം ആയിരം കോടിയായിരുന്നു. ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം ഇത് പതിനായിരം കോടിക്ക് മുകളിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയതില്‍ കമ്പനിക്ക് മുന്നൂറ് കോടി രൂപയുടെ ഇളവ് ലഭിച്ചതായും റോയിട്ടര്‍ വാര്‍ത്ത ഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ആര്‍എസ്എസ് നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന്റെ സ്ഥാപകനായ ബാബ രാംദേവ്. ആ അടുപ്പം രാംദേവിന്റെ ബിസിനസ്സ് സംരംഭങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാക്കി എന്ന് തെളിയിക്കുന്നതാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തലുകള്‍ ഇങ്ങനെ.

2013ല്‍ പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം- 150 മില്യന്‍ ഡോളര്‍ അഥവ 1009.398 കോടി രൂപ. 2015 ല്‍ ഇത് 2083.558 ആയി വര്‍ധിച്ചു. 2017 മാര്‍ച്ചില്‍ കമ്പനി പുറത്ത്വിട്ട കണക്ക് പ്രകാരം ഇത് 10353.60 കോടി രൂപയാണ്. അസ്വാഭാവികമായ ഈ വളര്‍ച്ചയുടെ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, പതഞ്ജലി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലങ്ങളില്‍ ലഭിക്കുന്ന ഇളവുകളാണ്. ഇതില്‍ ഏറ്റവും പ്രധാനം കമ്പനി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുച്ഛമായ വിലക്ക് ഭൂമി വാങ്ങി എന്നതാണ്.

അതിന്റെ വിവരങ്ങള്‍ ഇങ്ങനെ: മധ്യപ്രദേശ്- വാങ്ങിയ ഭൂമി 40 ഏക്കര്‍, നല്‍കിയത് വിപണി വിലയേക്കാള്‍ 80 ശതമാനം കുറവ്, ലാഭം- 64.75 കോടി. മഹാരാഷ്ട്രയിലെ നാഗ്‍പൂരിലെ സെസ് ഭൂമി, 234 ഏക്കര്‍ ഭൂമിക്ക് പതഞ്ജലി നല്‍കിയത് 5.9 കോടി ഭൂമിയുടെ വിപണി വില 260 കോടി. അസമില്‍ 2014 ഡിസംബറില്‍ 1200 ഏക്കര്‍ ഭൂമി സൌജന്യമായി കരാര്‍ വ്യവസ്ഥയില്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News