മനുഷ്യക്കടത്ത് തടയാനുള്ള ബില്ലിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍
മനുഷ്യക്കടത്ത് പരാതികളുടെ മറവില്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ ബില്‍ വഴിവെക്കുമെന്നും വിവിധ മേഖലയില്‍ നിന്നുള്ള സാമൂഹ്യപവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യക്കടത്ത് തടയാനുള്ള ബില്ലിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍. ലൈഗിംകതൊഴിലാളികളെ ഉന്നംവെച്ചാണ് സര്‍ക്കാര്‍ ബില്ല് തയ്യാറാകുന്നതെന്നാണ് ആക്ഷേപം. മനുഷ്യക്കടത്ത് പരാതികളുടെ മറവില്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ ബില്‍ വഴിവെക്കുമെന്നും വിവിധ മേഖലയില്‍ നിന്നുള്ള സാമൂഹ്യപവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ കേന്ദ്രമന്ത്രി മേനകാഗാന്ധി മനുഷ്യക്കടത്ത് തടയാനുള്ള ബില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ ബില്ല് വിദഗ്ധരുമായി കൂടിയാലോചന നടത്താതെയാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ വിമര്‍ശനം. മനുഷ്യക്കടത്ത് തടയാനായി നിലവില്‍ നിയമങ്ങളൊന്നും ഇല്ലെന്ന മന്ത്രാലയത്തിന്റെ വാദം ശരിയല്ലെന്നും വിവിധ സംഘടനാ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. തൊഴിലാളികളുടെ മനുഷ്യക്കടത്ത് തടയാന്‍ പര്യാപതമായ യാതൊന്നും ബില്ലില്‍ ഇല്ല. മനുഷ്യക്കടത്ത് തടയാനെന്ന പേരില്‍ അവതരിപ്പിക്കുന്ന ബില്ല് ലൈംഗികതൊഴിലാളികള്‍ക്ക് എതിരാണെന്നും ലൈംഗികതൊഴിലാളികളുടെ സംഘടന ആരോപിച്ചു.
പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ബില്ല് പുനഃപരിശോധിക്കണമെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ആവശ്യം. മനുഷ്യക്കടത്തിന് ഇരയായവര്‍ വീണ്ടും അറസ്റ്റ്‌ചെയ്യുന്നതിനും വിചാരണക്ക് വിധേയമാക്കുന്നതിനും ബില്ല് കാരണമാകുമെന്നും സംഘടന പ്രതിനിധികള്‍ പറഞ്ഞു.