പൌരത്വ നിഷേധത്തിന്‍റെ ഭീതിയില്‍ ഒരു ഗ്രാമം; ഫുഹുറാത്തലിയില്‍ 60 ശതമാനം പേരും പട്ടികയിലില്ല
ഫുഹുറാത്തലി ഉള്‍പ്പെടുന്ന ധരാങ് ജില്ലയില്‍ ആറ് ലക്ഷത്തോളം മുസ്‍ലിംകള്‍ വസിക്കുന്നുണ്ട്. ഇവരില്‍ 33 ശതമാനവും പൌരത്വ രേഖയുടെ അന്തിമ കരടിന് വെളിയിലാണ്.
പൌരത്വം തെളിയിക്കാന്‍ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ദേശീയ പൌരത്വ രേഖയുടെ അന്തിമ കരട് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ കഥയാണ് അസം ധരാങ് ജില്ലയിലെ ഫുഹുറാത്തലി ഗ്രാമത്തിന് പറയാനുള്ളത്. ഇവിടെയുള്ള 60 ശതമാനം ജനങ്ങളും അന്തിമ കരടില്‍ നിന്ന് പുറത്താണ്.
ഗുവാഹത്തിയില്‍ നിന്ന് 70 കിലോ മീറ്റര്‍ അകലെ, ബ്രഹ്മപുത്ര നദിയോട് അടുത്ത് പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് ഫുഹുറാത്തലി. രണ്ടായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. എല്ലാവരും ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകള്‍. ഇവരില്‍ 60 ശതമാനം പേരുടെയും പൌരത്വം സംശയത്തിന്റ നിഴലിലാണ്. പൌരത്വം തെളിയിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് തങ്ങള്‍ എന്‍ആര്‍സിയുടെ അന്തിമ കരടില്‍ നിന്ന് പുറത്തായതെന്ന് ഇവര്‍ ചോദിക്കുന്നു.
"അവര്‍ ഞങ്ങളെ ബംഗ്ലാദേശിയെന്ന് വിളിക്കുന്നു. പക്ഷെ കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലമായി ഞങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. പുതിയ ആള്‍ക്കാരുണ്ടാകാം. അവര്‍ അടുത്ത ജില്ലകളില്‍ നിന്ന് വന്നവരാണ്. ബ്രഹ്മപുത്ര നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ മറ്റ് ജില്ലകളില്‍ നിന്ന് താമസം മാറ്റിയവര്‍".
രേഖകളില്ലാത്ത ഒരാള്‍ പോലും ഇല്ലെന്നും ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥിയാകേണ്ടി വരുന്ന അവസ്ഥ ഓര്‍ക്കാന്‍ വയ്യെന്നും ഇവര്‍ പരിതപിക്കുന്നു. "വിദേശികളായ ഒരാള്‍ പോലും ഞങ്ങള്‍ക്കിടയില്‍ ഇല്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും രേഖകളുണ്ട്. എത്ര തവണ ഞങ്ങള്‍ ഹിയറിംഗിന് ഹാജരായി. തെളിവുകളായി ഒന്നിലധികം രേഖകള്‍ നല്‍കി. എന്നിട്ടും ഞങ്ങളുടെ പേരുകള്‍ വന്നില്ല", പ്രദേശവാസി പറഞ്ഞു.
ഫുഹുറാത്തലി ഉള്‍പ്പെടുന്ന ധരാങ് ജില്ലയില്‍ ആറ് ലക്ഷത്തോളം മുസ്‍ലിംകള്‍ വസിക്കുന്നുണ്ട്. ഇവരില്‍ 33 ശതമാനവും പൌരത്വ രേഖയുടെ അന്തിമ കരടിന് വെളിയിലാണ്.