ബംഗാളില്‍ ബി.ജെ.പി ചരിത്രം കുറിക്കും; ലോകസഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടും- ദിലീപ് ഘോഷ്
ബംഗാളില്‍ ശക്തരായ ഇടത് മുന്നണിയെ പിന്‍തള്ളിക്കൊണ്ട് ബി.ജെ.പി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്ന് കഴിഞ്ഞു
പശ്ചിമ ബംഗാളില്‍ ഭരണം പിടിച്ചടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി. 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 25 സീറ്റുകളും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയവും ബി.ജെ.പി കരസ്ഥമാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളില്‍ ശക്തരായ ഇടത് മുന്നണിയെ പിന്‍തള്ളിക്കൊണ്ട് ബി.ജെ.പി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്ന് കഴിഞ്ഞു.
മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളില്‍ ജനം പൊരുതിമുട്ടിയിരിക്കുകയാണെന്നും ഒരു യഥാര്‍ത്ഥ ഭരണമാറ്റം ബി.ജെ.പിക്ക് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളുയെന്നും ദിലീപ് ഘോഷ് സംസ്ഥാന നിര്‍വ്വാഹകസമിതി യോഗത്തില്‍ പറഞ്ഞു.
വരുന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മുന്നോട്ട് വക്കേണ്ട നയങ്ങളെക്കുറിച്ചും താഴെത്തട്ടില്‍ നിന്ന് തന്നെ സംഘടനാപരമായ കാര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നതെല്ലാം യോഗത്തില്‍ ചര്‍ച്ച വിഷയമായി.
ലോകസഭ തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് സെമി ഫൈനലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫൈനലുമാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ 42ല്‍ 25 സീറ്റുകളും വിജയിച്ച് ഭൂരിപക്ഷം നേടുമെന്നും 2021ല്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെ പിന്‍തള്ളി ഭരണം പിടിച്ചടക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ബി.ജെ.പിയെ തോല്‍പിക്കാനായി ഭരണ കക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും അതിലൂടെയൊന്നും ബി.ജെ.പിയെ തോല്‍പിക്കാനാവില്ലെന്നും ദിലീപ് ഘോഷ് ആവര്‍ത്തിച്ചു