മോദി സര്‍ക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനാഹ്വാനം ചെയ്ത് കോണ്‍ഗ്രസ്
മോദി സര്‍ക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനാഹ്വാനം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. രാജ്യത്തെ ഭിന്നിപ്പിക്കുകയും, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന മോദി ഭരണത്തിന്റെ നയങ്ങളെ തിരുത്തേണ്ട സമയമായെന്ന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം വിലയിരുത്തി. കര്‍ഷകരെയും യുവാക്കളെയും മോദി വഞ്ചിച്ചുവെന്നും, രാജ്യത്തിന്റെ സമ്പത്ത് അംബാനിയുള്‍പ്പെടേയുള്ള ധനികര്‍ക്ക് സൗജന്യമായി നല്‍കുകയാണെന്നും യോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിലാണ് ജീവിതത്തിലെ 12 വര്‍ഷത്തോളം ഗാന്ധി, ചെലവഴിക്കുകയും 1941ല്‍ ക്വിറ്റിന്ത്യ സമരത്തിന് ആഹ്വാനം നടത്തുകയും ചെയ്ത മഹാരാഷ്ട്രയിലെ വാര്‍ധയിലുള്ള സേവാഗ്രാം ആശ്രമത്തിൽ കോണ്‍ഗ്രസ് പ്രതീകാത്മക പ്രവര്‍ത്തക സമിതി യോഗം നടത്തിയത്. യോഗത്തില്‍ രാജ്യത്തിന്റെ പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. രണ്ട് രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു.
ഗാന്ധി ജനിച്ച ലോക അഹിംസാ ദിനത്തില്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ കര്‍ഷകരെ മോദി സര്‍ക്കാര്‍ നേരിട്ടത് ലാത്തി കൊണ്ടും ടിയര്‍ ഗ്യാസ് കൊണ്ടുമാണ്, കര്‍ഷകരെയും യുവാക്കളെയും വഞ്ചിച്ച സര്‍ക്കാരാണ് മോദിയുടേത്. അംബാനിയുള്‍പ്പെടേയുള്ള സമ്പന്നര്‍ക്ക് മാത്രമാണ് മോദി ഭരണം കൊണ്ട് നേട്ടമെന്നും റഫേല്‍ അഴിമതിയാരോപണം ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.