ഓള്‍ ഇന്ത്യ റേഡിയോവിലും ‘മീ ടു’ വെളിപ്പെടുത്തല്‍
ലെെംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ ഒമ്പത് സ്ത്രീകളെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിട്ട ലെെംഗികാതിക്രമങ്ങളെ കുറിച്ചുള്ള മീ ടു വെളിപ്പെടുത്തൽ ഓൾ ഇന്ത്യ റേഡിയോവിലും(ഏ.എെ.ആർ) ചർച്ചയാവുന്നു. മധ്യപ്രദേശിലെ ശാഹ്ദോൽ സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രത്നാകർ ഭാരതിക്കെതിരെ ഒമ്പത് സ്ത്രീകളാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ, ഓൾ ഇന്ത്യ റേഡിയോവിന്റെ ധറംശാല, ഒബ്ര, സാഗർ, റാംപൂർ, കുരുക്ഷേക്ത്ര, ഡൽഹി സ്റ്റേഷനുകളിൽ നിന്നും സമാന വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്.
ശാഹ്ദോൽ സ്റ്റേഷനിലെ കേസ് മുമ്പ് ഏ.എെ.ആറിന്റെ ‘ഇന്റേണൽ കമ്മിറ്റി’ അന്വേഷിച്ച് നടപടി കെെകാണ്ടതാണെന്ന് ഡയറക്ടർ ഫയാസ് ഷെഹരിയാർ പറഞ്ഞു. എന്നാൽ രത്നാകർ ഭാരതിക്കെതിരെ അച്ചടക്ക നടപടിയായി സ്ഥലമാറ്റം മാത്രം നൽകിയപ്പോൾ, ലെെംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ ഒമ്പത് സ്തീകളെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്ക് പിന്തുണയുമായി ഏ.എെ.ആർ എംപ്ലോയി യൂണിയൻ രംഗത്ത് വന്നു. എല്ലാ കേസിലും പ്രതികൾ സുരക്ഷിതരും, ഇപ്പോഴും സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുകയും ചെയ്യുമ്പോൾ, പരാതി നൽകിയവർ പുറത്താക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്ന് യൂണിയൻ പറഞ്ഞു. സംഭവത്തിൽ കർശന നടപടി കെെകൊള്ളണമെന്ന് ആവശ്യപ്പെട്ട് ‘പ്രസാർ ഭാരതി’ ചീഫ് എക്സിക്യൂട്ടീവ് ശശി ശേഖർ വെമ്പതിക്ക് യൂണിയൻ കത്തയച്ചു.