2016ല്‍ ഇന്ത്യയില്‍ രണ്ടര ലക്ഷം കുട്ടികള്‍ ഡയേറിയ ന്യൂമോണിയ കാരണം മരണപ്പെട്ടു; റിപ്പോര്‍ട്ട്
ഇന്ത്യയിലെ ഡയേറിയക്ക് കാരണമായ റോട്ട വൈറസ് ഇന്‍ഫക്ഷനെതിരെയുള്ള വാക്സിനേഷന്‍ പ്രചാരണം മറ്റ് പതിനഞ്ച് രാജ്യങ്ങളേക്കാള്‍ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വാക്സിനേഷന് തുടക്കം കുറിച്ച 15 രാജ്യങ്ങളേക്കാള്‍ പിറകിലാണ് ഇന്ത്യയുടെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 2.6 ലക്ഷം കുട്ടികളുടെ ജീവന്‍ ന്യൂമോണിയ ഡയേറിയയിലൂടെ 2016ല്‍ നഷ്ടമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആരോഗ്യ രംഗത്തെ പുരോഗതിയും ഇടപ്പെടലും കാരണം ലോകത്താകമാനം ന്യൂമോണിയ, ഡയേറിയ രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇന്ത്യയിലെ അവസ്ഥയില്‍ മാറ്റമില്ലേന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇന്ത്യയും നൈജീരിയയുമാണ് ന്യൂമോണിയ ഡയേറിയ മരണങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. രണ്ട് രാജ്യങ്ങളിലായി അര മില്യണ്‍ പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചു വീണത്.
അഞ്ച് വയസ്സിന് താഴെയുള്ള 158176 കുട്ടികളാണ് 2016ല്‍ മരണപ്പെട്ടത്. ഡയേറിയയിലൂടെ 102813 പേരും മരണപ്പെട്ടതായി റിപ്പോര്‍ട്ട് കാണിക്കുന്നു.
നവംബര്‍ 12 ന് ലോക ന്യൂമോണിയ ദിനത്തിന് മുന്നോടിയായി അന്താരാഷ്ട്ര വാക്സിന്‍ ആക്സസ് സെന്ററാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പതിനഞ്ച് രാജ്യങ്ങളുടെ ന്യൂമോണിയ, ഡയേറിയ രോഗങ്ങളോടുള്ള പോരാട്ടവും റിപ്പോര്‍ട്ടിലുണ്ട്.