കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് ബി.ജെ.പി: മോദി
വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മോദി പ്രചരിപ്പിക്കുന്നത് വെറുപ്പും വിദ്വേഷവും ആണെന്ന് രാഹുൽഗാന്ധിയും വിമർശിച്ചു.
കോൺഗ്രസിന്റെ ആരോപണങ്ങൾക്കും പ്രചാരണങ്ങള്‍ക്കും മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശില്‍. കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് ബിജെപി. കോൺഗ്രസ് തന്നോട് മത്സരിക്കുകയല്ല, മാതാവിനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി ആരോപിച്ചു.
വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മോദി പ്രചരിപ്പിക്കുന്നത് വെറുപ്പും വിദ്വേഷവും ആണെന്ന് രാഹുൽഗാന്ധിയും വിമർശിച്ചു. ശക്തമായ മത്സരം നടക്കുന്ന മധ്യപ്രദേശിലെ കർഷക ജില്ലയും, സമരത്തിനിടെ നടന്ന വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്ത പ്രദേശമായ മന്ദസൗറിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്തത്.
കോണ്‍ഗ്രസ് കർഷകരെ തളര്‍ത്തുമ്പോള്‍ ശക്തിപ്പെടുത്തുകയാണ് ബി.ജെ.പിയെന്നും പാവങ്ങൾക്കായി ബാങ്കുകളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തികംഗഢിലായിരുന്നു രാഹുൽഗാന്ധിയുടെ പ്രചാരണപരിപാടി. കർഷക പ്രശ്നങ്ങളിലും തൊഴിലില്ലായ്മയിലും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. റഫാൽ ഇടപാടിൽ ഫ്രഞ്ച് എൻജിഒ പരാതി നൽകിയതോടെ ലോകം മുഴുവൻ ഇന്ത്യയുടെ കാവൽക്കാരൻ കള്ളനാണെന്ന ശബ്ദം ഉയർന്നിരിക്കുകയാണ് എന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.