അജ്മീര്‍ ദര്‍ഗ സ്ഫോടന കേസ്: മലയാളി അറസ്റ്റില്‍

2007 അജ്മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ ഒളിവിലായിരുന്ന മലയാളി സുരേഷ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് ഇയാള്‍. സ്ഫോടകവസ്തുക്കള്‍ നല്‍കി എന്നതാണ് സുരേഷ് നായര്‍ക്കെതിരായ കുറ്റം

Update: 2018-11-25 16:40 GMT
Advertising

2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടന കേസിലെ പ്രതിയും ഹിന്ദുത്വ ഭീകരനും മലയാളിയുമായ സുരേഷ് നായര്‍ അറസ്റ്റില്‍. 11 വര്‍ഷമായി ഒളിവിലായിരുന്ന സുരേഷിനെ ഗുജറാത്തിലെ ബറൂച്ചില്‍ വച്ചാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സ്ഫോടനത്തിന് ആയുധമെത്തിച്ചെന്നാണ് കുറ്റം.

അജ്മീര്‍ ദര്‍‌ഗ സ്ഫോടനത്തിന് ശേഷം ഒളിവില്‍ പോയ മൂന്ന് ഹിന്ദുത്വ ഭീകരരില്‍ ഒരാളാണ് കോഴിക്കോട് ബാലുശേരി സ്വദേശിയായ സുരേഷ് നായര്‍. ബറൂച്ചിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തുമെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് തമ്പടിച്ച് പിടികൂടുകയിരുന്നു. തുടര്‍ നടപടികള്‍ക്കായി സുരേഷിനെ അഹമ്മദാബാദിലേക്ക് മാറ്റി. അഹമ്മദാബാദ് എന്‍.ഐ.എ കോടതിയിലാണ് വിചാരണ നടക്കുന്നത്. സുരേഷിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനത്തിന് ബോംബ് സ്ഥാപിച്ച പ്രതി മുകേഷ് വാസനിയാണ് സുരേഷ് നായരുടെ പങ്ക് സംബന്ധിച്ച് എന്‍.ഐ.എക്ക് മൊഴി നല്‍കിയത്. ഇപ്പോഴും ഒളിവിലുള്ള സന്ദീപ് ദാങ്കെ, രാംചന്ദ്ര എന്നീ പ്രതികള്‍ക്കൊപ്പം മധ്യപ്രദേശിലെ ദേവസില്‍ നിന്ന് സുരേഷ് അജ്മീറിലേക്ക് ബോംബെത്തിക്കുകയായിരുന്നു. നേരത്തെ ഗുജറാത്തിലെ ഗോധ്രയിലേക്കും ഈ സംഘം സ്ഫോടന സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്.

അജ്മീര്‍ സ്ഫോടനത്തിന്‍റെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ് നേതാക്കളായ അസീമാനന്ദയും സുനില്‍ ജോഷിയും പങ്കാളികളാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഇതോടെ ഇവരുള്‍പ്പെടെ 6 പേരെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ എന്‍.ഐ.എ കോടതി കഴിഞ്ഞ വര്‍ഷം വെറുതെ വിട്ടു.

2007 ഒക്ടോബര്‍ 11ന് നോമ്പുതുറ നേരത്താണ് ദര്‍ഗയില്‍ സ്ഫോടനമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു.

Tags:    

Similar News