ലോക്സഭ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

പ്രധാനമന്ത്രി പൊതുഖജനാവ് ഉപയോഗിച്ച് രാജ്യത്താകമാനം സഞ്ചരിച്ച് പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Update: 2019-01-23 04:36 GMT
Advertising

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ ആഴ്ച തന്നെ 3 റാലികളെ അഭിസംബോധന ചെയ്യും. മോദി സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പ്രചാരണം. പ്രധാനമന്ത്രി പൊതുഖജനാവ് ഉപയോഗിച്ച് രാജ്യത്താകമാനം സഞ്ചരിച്ച് പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആദ്യഘട്ട പ്രചാരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. പ്രചാരണസമിതി തലവന്‍ ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ 3 വന്‍ റാലികളെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും.

25ന് ഭുവനേശ്വറിലും 28ന് റായ്പൂരിലും ഫെബ്രുവരി 3ന് പാട്നയിലുമാണ് റാലികള്‍. നാളെ ഉത്തര്‍പ്രദേശിലെത്തുന്ന രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും രണ്ട് ദിവസം അമേഠിയിലും റായ്ബറേലിയിലും ഉണ്ടാകും. രാഹുല്‍ ഗാന്ധി കുംഭമേളയിലും പങ്കെടുത്തേക്കും. യു.പിയില്‍ മാത്രം 13 റാലികളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത പ്രചാരണ പരിപാടികള്‍ക്കൊപ്പം നവമാധ്യമങ്ങളിലും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

പൊതുഖജനാവ് ഉപയോഗിച്ച് രാജ്യത്താകമാനം സഞ്ചരിച്ച് പ്രതിപക്ഷത്തെ കുറ്റം പറയുകയാണ് മോദി എന്നാണ് കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News