ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ല; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്
തമിഴ്‌നാട്ടില്‍ മാത്രമല്ല, ഹിന്ദി അടിച്ചേൽപ്പിക്കുകയാണെങ്കിൽ, ഒരു തെക്കൻ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. വടക്കൻ ഭാഗങ്ങളിലെ പല സംസ്ഥാനങ്ങളും അത് അംഗീകരിക്കാനിടയില്ല
ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്ന് സൂപ്പർ താരം രജനീകാന്ത്. ഒരു പൊതു ഭാഷ എന്ന ആശയം രാജ്യത്ത് നിർഭാഗ്യവശാൽ സാധ്യമല്ലാത്തതിനാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് രജനീകാന്തിന്റെ പക്ഷം. ഹിന്ദി വാദത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയാണ് രജനീകാന്ത് രംഗത്തുവന്നിരിക്കുന്നത്.
"ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏതൊരു രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാൻ ആർക്കും കഴിയില്ല. അതിനാൽ നിങ്ങൾക്ക് ഒരു ഭാഷയും ആരുടെ മേലും അടിച്ചേൽപ്പിക്കാനും കഴിയില്ല," ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്. "തമിഴ്‌നാട്ടില്‍ മാത്രമല്ല, ഹിന്ദി അടിച്ചേൽപ്പിക്കുകയാണെങ്കിൽ, ഒരു തെക്കൻ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. വടക്കൻ ഭാഗങ്ങളിലെ പല സംസ്ഥാനങ്ങളും അത് അംഗീകരിക്കാനിടയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഹിന്ദി ദിവസ്’ ആചരണത്തിന്റെ ഭാഗമായാണ് അമിത് ഷാ തന്റെ പ്രസംഗത്തിലൂടെയും ട്വിറ്ററിലൂടെയും ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിർദേശം അവതരിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന നിലയിൽ രാജ്യത്തിനു മൊത്തത്തിൽ ഒരു ഭാഷ അനിവാര്യമാണെന്നായിരുന്നു അമിത് ഷായുടെ നിലപാട്. എന്നാല്‍ ഇത് ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണെന്ന വിമര്‍ശനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
"ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോൾ നൽകിയ വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം. അത് തകർക്കാൻ ഒരു ഷായേയും സുൽത്താനെയും അനുവദിക്കില്ല," എന്നായിരുന്നു കഴിഞ്ഞദിവസം കമല്‍ ഹാസന്റെ പ്രതികരണം. കർണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. അതിന്റെ പ്രാധാന്യത്തിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് യെദ്യൂരപ്പയും ട്വീറ്റ് ചെയ്തിരുന്നു.