'ഞാന്‍ രാഷ്ട്രീയക്കാരനല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമല്ല': രഞ്ജന്‍ ഗൊഗോയ്

വാഗ്ദാനങ്ങളുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗൊഗോയ്

Update: 2020-08-24 02:08 GMT
Advertising

അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹം നിഷേധിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. താനൊരു രാഷ്ട്രീയക്കാരനല്ല. അത്തരമൊരു ആഗ്രഹമോ ഉദ്ദേശമോ ഇല്ല. വാഗ്ദാനങ്ങളുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. രഞ്ജന്‍ ഗൊഗോയ് അടുത്ത അസം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ് ആണ് പറഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്നതും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം സ്വീകരിച്ചത് ബോധപൂര്‍വമാണ്. തന്റെ അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താന്‍ കഴിയും. അപ്പോള്‍ പിന്നെ എങ്ങനെയാണ് താനൊരു രാഷ്ട്രീയക്കാരനായി മാറുകയെന്നും രഞ്ജന്‍ ഗൊഗോയ് ചോദിച്ചു.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രഞ്ജന്‍ ഗൊഗോയിയെ പരിഗണിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് തരുണ്‍ ഗൊഗോയ് പറഞ്ഞത്. എല്ലാം രാഷ്ട്രീയമാണ്. ഗൊഗോയിയുടെ കാര്യത്തില്‍ അയോധ്യാവിധിയില്‍ ബിജെപി സന്തോഷത്തിലാണ്. അതുകൊണ്ടുതന്നെ ഘട്ടംഘട്ടമായി രഞ്ജന്‍ ഗൊഗോയ് രാഷ്ട്രീയത്തിലേക്കിറങ്ങും. രഞ്ജന്‍ ഗൊഗോയ് എന്തുകൊണ്ടാണ് എംപി സ്ഥാനം നിരസിക്കാതിരുന്നത്? അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനോ മറ്റോ ആവാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ പ്രവേശനത്തിന് ആഗ്രഹമുണ്ട്. ആദ്യ പടിയാണ് രാജ്യസഭാംഗത്വമെന്നും തരുണ്‍ ഗൊഗോയ് പറയുകയുണ്ടായി.

അസമില്‍ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. എഐയുഡിഎഫ്, എജിഎം, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 126 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. എജിപി, ബിപിഎഫ്, സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ സഹായത്തോടെയാണ് ബിജെപി അധികാരത്തിലേറിയത്.

Tags:    

Similar News