സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
പാർക്കിൻസണ്‍സ് രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ അഞ്ച് മാസത്തിലധികമായി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ്
എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത ആദിവാസി അവകാശ പ്രവര്‍ത്തകനും വയോധികനായ ജെസ്യൂട്ട് വൈദികൻ ഫാ.സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി. പാർക്കിൻസണ്‍സ് രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ അഞ്ച് മാസത്തിലധികമായി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ്. 2020 ഒക്ടോബർ എട്ടിനാണ് ഫാ. സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നത്. എൻ.ഐ.എ നടപടിക്കെതിരേ വിമർശനം ഉയർന്നിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയെന്ന് എന്‍.ഐ.എ ആരോപിക്കുന്ന പെര്സിക്യുട്ടഡ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി ജാര്‍ഖണ്ഡിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയാണെന്നും നിയമ സഹായം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡ എല്‍ഗാര്‍ പരിഷദില്‍ നടന്ന സി.പി.ഐ മാവോയിസ്റ്റ് യോഗത്തിലാണ് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.