കോവിഡ് ബാധിച്ചാല്‍ ആശുപത്രിയില്‍ പോകേണ്ട, തന്‍റെ ഉപദേശം കേട്ടാല്‍ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ ഭാരവാഹി

കോവിഡ്​ രോഗികളെ കളിയാക്കിയെന്നും ആരോഗ്യ പ്രവർത്തകരെ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു

Update: 2021-05-10 05:27 GMT
Advertising

യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ്​ പ്രസിഡന്‍റ് ​ ഡോ. നവ്​ജോത്​ ദാഹിയ പൊലീസിൽ പരാതി നൽകി. കോവിഡ്​ രോഗികളെ കളിയാക്കിയെന്നും ആരോഗ്യ പ്രവർത്തകരെ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു​. ജലന്ധര്‍ കമ്മീഷനറേറ്റിലാണ് പരാതി നല്‍കിയത്.

കോവിഡ് ബാധിതരെ രാംദേവ് തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടറുടെ പരാതിയിലുണ്ട്. കോവിഡ്​ ബാധിതരായവർ ചികിത്സക്കായി ആശുപത്രികളിൽ പോകരുത്. പകരം തന്‍റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്ന് രാംദേവ് പറഞ്ഞു. കുത്തിവെപ്പുകളും റെംഡെസിവിറും വഴി ഡോക്ടർമാർ കോവിഡ്​ രോഗികളെ മരണത്തിലേക്ക്​ തള്ളിവിടുകയാണെന്ന ആരോപണവും രാംദേവ് ഉന്നയിച്ചെന്ന് ഡോക്ടര്‍ പറയുന്നു.

രാംദേവിന്‍റെ വീഡിയോ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്- 'കോവിഡ്​ രോഗികൾക്ക്​ കൃത്യമായി ശ്വാസമെടുക്കേണ്ടത്​ എങ്ങനെയാണെന്ന്​​ അറിയില്ല. എന്നിട്ട് ഓക്​സജിൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതി പറയുന്നു' എന്നാണ് രാംദേവിന്‍റെ ഒരു പരാമര്‍ശം. രാംദേവിനെതിരെ ക്രിമിനൽ കേസ്​ എടുക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.

രാംദേവ്​ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തില്‍ ഭീതി പടര്‍ത്തുകയുമാണ് ചെയ്യുന്നത്​. കോവിഡ് മഹാമാരി നേരിടാന്‍ സര്‍ക്കാര്‍ പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കരുതെന്നാണ് രാംദേവ് ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ എപിഡമിഡ് ഡിസീസ് ആക്റ്റ്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്റ്റ് എന്നിവ പ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്ന് ഡോ ദഹിയ ആവശ്യപ്പെട്ടു

നേരത്തെ കോവിഡിനെ പ്രതിരോധിക്കും എന്ന പേരില്‍ കൊറോണില്‍ എന്ന മരുന്ന് രാംദേവിന്‍റെ പതഞ്ജലി പുറത്തിറക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ അംഗീകാരമൊന്നും നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പിന്നീട് വ്യക്തമാക്കുകയുണ്ടായി.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഴ്ച വരുത്തിയെന്ന് വിമര്‍ശിച്ച ഐഎംഎ ഭാരവാഹിയാണ് ഡോക്ടര്‍ നവ്​ജോത്​ ദാഹിയ. മോദിയെ സൂപ്പര്‍ സ്പ്രെഡര്‍ എന്നാണ് ഡോക്ടര്‍ വിശേഷിപ്പിച്ചത്. കോവിഡ് വ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതും കുംഭമേളയ്ക്ക് അനുമതി നല്‍കിയതും ചൂണ്ടിക്കാട്ടി ആയിരുന്നു ഡോക്ടറുടെ വിമര്‍ശനം.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News