പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ഞാനെടുക്കാം; ജോഗീന്ദര്‍ സിങിനോട് ധോണി പറഞ്ഞത്
ജയപരാജയങ്ങളെ കുറിച്ച് ആലോചിക്കേണ്ടെന്നും പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാമെന്നായിരുന്നു ധോണി തന്‍റെ ബൌളറോട് പറഞ്ഞത്.
ധോണി എന്ന പുതിയ നായകന് കീഴില്‍ പ്രഥമ ട്വന്‍റി20 ലോകകപ്പ് ഇന്ത്യ നേടിയതിന്‍റെ ഓര്‍മ്മകള്‍ ഇന്നും ക്രിക്കറ്റ് ലോകത്തിന് ഒരു ഹരമാണ്. ആരും പ്രതീക്ഷിക്കാത്ത വിജയം കൊയ്തെടുത്ത നായകനില്‍ നിന്നും ഇന്ത്യയെ വീണ്ടുമൊരു ലോക കിരീടത്തിലേക്ക് നയിച്ച നായകനായി വളര്‍ന്ന ധോണി നായക പദവി ഒഴിഞ്ഞ ശേഷവും വിലപ്പെട്ട ഉപദേശങ്ങളുമായി ടീമിന്‍റെ നെടുംതൂണായി തുടരുകയാണ്. അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. പിന്നീട് പലപ്പോഴും ക്രിക്കറ്റ് കണ്ടത് പോലെ ധോണിയുടെ മാസ്റ്റര്‍ സ്ട്രോക്ക് തീരുമാനം - പന്ത് ജോഗീന്ദര്‍ സിംഗിന്‍റെ കൈകളില്‍. തന്നെ പന്ത് ഏല്‍പ്പിച്ച ധോണിയുടെ വാക്കുകള്‍ വാര്‍ഷിക ദിനത്തില്‍ ജോഗീന്ദര്‍ ഓര്‍ത്തെടുത്തു. ജയപരാജയങ്ങളെ കുറിച്ച് ആലോചിക്കേണ്ടെന്നും പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാമെന്നായിരുന്നു ധോണി തന്‍റെ ബൌളറോട് പറഞ്ഞത്.
ഓവറിലുടനീളം ധോണി എന്നോട് പറഞ്ഞത് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാമെന്നായിരുന്നു. സമ്മര്‍ദത്തിലാകേണ്ടെന്നും പരമാവധി നന്നായി ബൌള്‍ ചെയ്യാനുമായിരുന്നു ഉപദേശം. ഒരു റണ്‍സിനായാലും നമ്മള്‍ ജയിച്ചിരിക്കുമെന്നും ധോണി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. - ക്രിക്കറ്റ് കളം വിട്ട് പൊലീസുകാരനായി സേവനം അനുഷ്ഠിക്കുന്ന ജോഗീന്ദര്‍ ഓര്‍ത്തു. മിസ്ബ-ഉള്‍-ഹഖിന്‍റെ സ്കൂപ്പ് ഷോട്ട് ശ്രീശാന്തിന്‍റെ കൈകളില്‍ അവസാനിച്ചതോടെ ജോഗീന്ദറിന് വീര പരിവേഷം ലഭിച്ചു. ഹരിയാന ടീമിനെ രഞ്ജി ട്രോഫിയില്‍ നയിക്കാനുമായി.