'ഫിനിഷസ് ഓഫ് ഇൻ സ്‌റ്റൈൽ'; സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യൻ ജയം

43 റൺസെടുത്ത് പുറത്താവാതെ നിന്ന സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സഞ്ജു തന്നെയാണ് മത്സരത്തിലെ താരം

Update: 2022-08-20 14:12 GMT
Editor : abs | By : Web Desk
Advertising

സിംബാബ്‌വേക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ മികച്ച പ്രകടനം കൊണ്ട് ആരാധകരെ കയ്യിലെടുക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. സിംബാബ്‌വെൻ ബൗളിങ് നിരയെ കണക്കിന് പ്രഹരിച്ച മലയാളി താരം മൂന്ന് ഫോറിന്റെയും നാല് സിക്‌സറുകളുടെയും അകമ്പടിയിൽ 43 റൺസ് ടീമിന് സംഭാവന ചെയ്താണ് കളിയിലെ താരമായത്.

സിക്‌സറടിച്ച് കളി ഫിനിഷ് ചെയ്യുന്ന മലയാളി താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. സിംബാബ്‌വെൻ ബൗളർ ഇന്നസെന്റ് കായെ ബൗൾ ചെയ്യുന്നു. ഗാലറിയിൽ നിന്ന് സഞ്ജു സഞ്ജു' എന്ന് ആരാധകരുടെ ആർപ്പുവിളി, ഒരു സിക്സർ പറത്തി രണ്ടാം ഏകദിന അധ്യായത്തിന് കർട്ടനിട്ടു സഞ്ജു ചിരിച്ചു. വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. സിംബാബ്‌വെയുടെ ഓപ്പണര്‍ തകുട്‌സ്വാനഷി കൈറ്റാനോവിനെ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയാണ് സഞ്ജു ആരാധകരുടെ മനം കവര്‍ന്നത്. മുഹമ്മദ് സിറാജ് ചെയ്ത ഒന്‍പതാം ഓവറിലെ നാലാം പന്തിലാണ് ക്യാച്ച് പിറന്നത്. കൈറ്റാനോയുടെ ബാറ്റിലുരസിയ പന്ത് ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിച്ചാണ് സഞ്ജു ആരാധകരെ അത്ഭുതപ്പെടുത്തിയത്. മത്സരത്തില്‍ വീണ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നാലെ സിംബാബ്‌വെ ബാറ്റിങ് തകര്‍ച്ച നേരിട്ടു.

ബൗളർമാരും ബാറ്റസ്മാൻമാരും ഒരുപോലെ തിളങ്ങിയാണ് രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേക്കെതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. സിംബാബ്‌വേ ഉയർത്തിയ 161 റൺസ് 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കി വെച്ചാണ് ഇന്ത്യ മറികടന്നത്. ഷർദുൽ താക്കൂർ ബോൾ കൊണ്ട് അത്ഭുതം തീർത്തപ്പോൾ സഞ്ജുവും ഗില്ലും ധവാനും ബാറ്റ് കൊണ്ട് ആതിഥേയരെ പ്രഹരിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News