ഒടുവിൽ പ്രതിരോധം പാളി; ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യക്ക് 184 റൺസ് തോൽവി

യശസ്വി ജയ്‌സ്വാളിന്റെ വിവാദ പുറത്താകൽ മത്സരത്തിൽ നിർണായകമായി

Update: 2024-12-30 07:29 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 184 റൺസ് തോൽവി. ആസ്‌ത്രേലിയ ഉയർത്തിയ 369 റൺസ് വിജയലക്ഷ്യത്തിലേക്ക് അവസാന ദിവസം ബാറ്റുവീശിയ സന്ദർശകരുടെ പോരാട്ടം 155ൽ അവസാനിച്ചു. 84 റൺസെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിവാദ പുറത്താകൽ മത്സരത്തിൽ നിർണായകമായി. ജയത്തോടെ പരമ്പരയിൽ ഓസീസ് 2-1 മുന്നിലെത്തി.

അവസാന ദിനം സമനിലക്കായി ഇന്ത്യയും ജയത്തിനായി ഓസീസും പൊരുതിയതോടെ മെൽബണിൽ ആദ്യ സെഷൻ മുതൽ ആവേശമുയർന്നു. മറുപടി ബാറ്റിങിൽ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 33 റൺസ് ചേർക്കുന്നതിനിടെ രോഹിത് ശർമയുടേയും(9), കെ.എൽ രാഹുലിന്റേയും(0) വിരാട് കോഹ് ലിയുടേയും(5) വിക്കറ്റ് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഋഷഭ് പന്ത്-യശസ്വി ജയ്‌സ്വാൾ കൂട്ടുകെട്ട് ഇന്ത്യയെ സമനിലയിലേക്ക് നയിക്കുമെന്ന് കരുതി. എന്നാൽ പാർട്ട് ടൈം ബൗളർ ട്രാവിസ് ഹെഡിനെ കൊണ്ടുവന്ന ഓസീസ് നായകൻ പാറ്റ് കമ്മിൻസ് കൂട്ടുകെട്ട് പൊളിച്ചു. ഹെഡിനെ വലിയ ഷോട്ടിന് ശ്രമിച്ച് പന്ത്(30) മടങ്ങുമ്പോൾ ഇന്ത്യ 121 റൺസ് എന്ന നിലയിലായിരുന്നു. പിന്നാലെ രവീന്ദ്ര ജഡേജയെ മടക്കി(2) ബോളണ്ട് കങ്കാരുപടയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡി(1) കൂടി മടങ്ങിയതോടെ ഇന്ത്യ തോൽവി മണത്തു. എന്നാൽ വാഷിങ്ടൺ സുന്ദർ-ജയ്‌സ്വാൾ സഖ്യം കരുതലോടെ മുന്നോട്ട് നീങ്ങി.

 എന്നാൽ പാറ്റ്കമ്മിൻസിന്റെ ഷോട്ട്‌ബോൾ കളിക്കാനുള്ള ഇന്ത്യൻ ഓപ്പണറുടെ ശ്രമം പാളി. വിക്കറ്റ് കീപ്പർ അലക്‌സ് കാരി പിടിച്ചതോടെ ഓസീസ് താരങ്ങൾ അപ്പീൽ ചെയ്തു. എന്നാൽ ഫീൽഡ് അമ്പയർ നിരസിച്ചു. പാറ്റ് കമ്മിൻസ് റിവ്യൂ നൽകി. പന്ത് ബാറ്റിൽകൊണ്ടില്ലെന്ന് ടെക്‌നോളജി വ്യക്തമാക്കിയെങ്കിലും ജയ്‌സ്വാൾ ബാറ്റ് വീശിയ ശേഷം പന്ത് ഗതിമാറിയെന്ന് കണ്ടെത്തി തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തിനുള്ള പ്രതിഷേധം അറിയിച്ചാണ് ജയ്‌സ്വാൾ  മടങ്ങിയത്. ഈ സമയം 140-7 എന്ന നിലയിലായി ഇന്ത്യ. ഒരുഭാഗത്ത് വാഷിങ്ടൺ സുന്ദർ(5) പ്രതിരോധിച്ചുനിന്നെങ്കിലും ആകാഷ് ദീപും(7),ജസ്പ്രീത് ബുംറയും(0), മുഹമ്മദ് സിറാജും(0) വേഗത്തിൽ മടങ്ങിയതോടെ മറ്റൊരു തോൽവിയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News