ഇക്കുറിയും സഞ്ജുവില്ല; ബി.സി.സി.ഐ ക്ക് ആരാധകരുടെ പൊങ്കാല
നിലവിൽ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ പ്രകടനം കണക്കിലെടിത്താൽ റിഷഭ് പന്തിനേയും ദിനേശ് കാർത്തിക്കിനേയും അപേക്ഷിച്ച് സഞ്ജു എത്രയോ മുന്നിലാണെന്ന് മൂവരുടേയും ബാറ്റിങ് ആവറേജുകൾ താരതമ്യം ചെയ്താണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്
അടുത്ത മാസം ആസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ആരാധകരെ ഒരിക്കൽ കൂടി നിരാശയിലേക്ക് തള്ളിയിട്ട് ഇക്കുറിയും ടീമിൽ നിന്ന് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ തഴയപ്പെട്ടു. സ്റ്റാൻഡ് ബൈ താരമായി പോലും സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. റിഷഭ് പന്തിനേയും ദീപക് ഹൂഡയേയുമൊക്കെ ടീമിൽ ഉൾപ്പെടുത്തിയിട്ടും സഞ്ജുവിനെ ടീമിൽ നിന്ന് തഴഞ്ഞതിന് ബി.സി.സി.സി ഐക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്..
''ബി.സി.സി.ഐ എന്ത് കൊണ്ടാണ് സഞ്ജുവിനോട് എപ്പോഴും അനീതി കാണിക്കുന്നത്. റിഷഭ് പന്തിനോ ദിനേശ് കാർത്തിക്കിനോ പകരം ടീമിലിടം നേടാൻ എത്രയോ യോഗ്യനാണ് അദ്ദേഹം''
''സഞ്ജു സാംസൺ ഫാനാവുക എന്നത് ഈ അടുത്ത കാലത്തായി ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. അതിനൊറ്റ കാരണമേയുള്ളൂ. ബി.സി.സി.ഐ''.
''പന്ത് ഫിറ്റല്ല. പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗ്യതയില്ലാത്തവരെ ടീമിലെടുത്തതെന്ന് സെല്കടർമാർ വ്യക്തമാക്കണം''- ഇങ്ങനെ പോവുന്നു ആരാധകരുടെ പോസ്റ്റുകൾ..
നിലവിൽ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ പ്രകടനം കണക്കിലെടിത്താൽ റിഷഭ് പന്തിനേയും ദിനേശ് കാർത്തിക്കിനേയും അപേക്ഷിച്ച് സഞ്ജു എത്രയോ മുന്നിലാണെന്ന് മൂവരുടേയും ബാറ്റിങ് ആവറേജുകൾ താരതമ്യം ചെയ്താണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. ടി20 യിൽ ഏറ്റവുമധികം ബാറ്റിങ് ആവറേജുള്ള വിക്കറ്റ് കീപ്പർ സഞ്ജുവാണ്.. സഞ്ജുവിന്‍റെ ആവറേജ് 44.75 ആണെങ്കിൽ പന്തിന്‍റേത് 24.25 ഉം കാർത്തിക്കിന്‍റേത് 21.44ഉം ആണെന്നും സഞ്ജുവാണ് ഇവരെക്കാളൊക്കെ ഏറെ യോഗ്യനെന്നും ആരാധകന്‍ പറയുന്നു.
ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് പേസ്‌ബോളർ ജസ്പ്രീത് ബുംറ തിരിച്ചെത്തി. റിഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം അക്‌സർ പട്ടേൽ ടീമിൽ ഇടംപിടിച്ചു. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന രവി ബിഷ്‌ണോയിയും ആവേശ്ഖാനും പുറത്തായി.
ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ രോഹിത് ശർമക്ക് പുറമേ കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർയാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ദീപക് ഹൂഡ ഒപ്പം ഓൾ റൗണ്ടറായി ഹർദിക് പാണ്ഡ്യയും ടീമിൽ ഇടംപിടിച്ചു. ബുംറക്ക് പുറമേ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും അർഷദീപ് സിങ്ങുമാണ് ടീമിലിടം പിടിച്ച പേസ് ബോളർമാർ. രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ് ടീമിലിടം പിടിച്ച സ്പിന്നര്‍മാര്‍.