ഒടുവിൽ സൂര്യോദയം; ഓസീസിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

ഇന്ത്യക്കായി നാല് ബാറ്റര്‍മാര്‍ അര്‍ധ സെഞ്ച്വറി കുറിച്ചു

Update: 2023-09-22 16:26 GMT
Advertising

മൊഹാലി:  നാല് ബാറ്റര്‍മാര്‍  അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോള്‍  ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ കങ്കാരുക്കളെ തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ  277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നില്‍ക്കേ മറികടന്നു.

ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയിക് വാദ്, സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യക്കായി അര്‍ധ സെഞ്ചുറി കുറിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം ഏകദിനത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിങ്സാണ് ആരാധകര്‍ക്ക്  പ്രതീക്ഷ നല്‍കുന്നത്. ഫോമില്‍ അല്ലാതിരുന്നിട്ടും ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന സൂര്യക്ക് ഈ ഇന്നിങ്സോടെ ഒരു പരിധി വരെ വിമര്‍ശകരുടെ വായടക്കാനാവും.

ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ 74 റണ്‍സെടുത്തപ്പോള്‍ ഋതുരാജ് ഗെയിക് വാദ് 71 റണ്‍സെടുത്തു.ആറാം വിക്കറ്റില്‍ സൂര്യകുമാറും കെ.എല്‍ രാഹുലും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയതീരമണച്ചത്. സൂര്യ 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ 58 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സീന്‍ ആബോട്ടെറിഞ്ഞ 49 ാം  ഓവറില്‍ മൂന്നും നാലും പന്തുകള്‍‌ ബൗണ്ടറികൾ പായിച്ചാണ് കെ.എല്‍ രാഹുല്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 

നേരത്തേ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു മുന്നില്‍ അടിപതറിയ ആസ്‌ട്രേലിയ 276 റൺസിന് കൂടാരം കയറുകയായിരുന്നു. അഞ്ച് വിക്കറ്റുമായാണ് ഷമി ഇന്ത്യന്‍ ആക്രമണം മുന്നില്‍നിന്നു നയിച്ചത്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കെ.എൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. ടോസ് ഭാഗ്യം തുണച്ചതും രാഹുലിനെയായിരുന്നു. പിച്ചിന്റെ സാഹചര്യം മനസിലാക്കി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യൻ നായകൻ. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കവും. ആദ്യ ഓവറിൽ തന്നെ ഓസീസ് ഓപണർ മിച്ചൽ മാർഷിനെ(നാല്) മുഹമ്മദ് ഷമി സ്ലിപ്പിൽ ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ചു.

എന്നാൽ, രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാർണർ ഇന്ത്യൻ പേസ് നിരയെ ആക്രമിച്ചുകളിക്കുകയായിരുന്നു പിന്നീട്. അർധസെഞ്ച്വറിയും കടന്ന് മുന്നേറവെ വാർണറെ വീഴ്ത്തി രവീന്ദ്ര ജഡേജയുടെ വക ഇന്ത്യയ്ക്ക് ബ്രേക്ത്രൂ. മിഡ്‌വിക്കറ്റിനു മുകളിലൂടെ സ്ലോഗ് സ്വീപ്പിനുള്ള ശ്രമം ഗില്ലിന്റെ കൈയിലാണ് അവസാനിച്ചത്. 53 പന്ത് നേരിട്ട് ആറ് ഫോറും രണ്ട് സിക്‌സും സഹിതം 52 റൺസെടുത്താണ് വാർണർ മടങ്ങിയത്.

അധികം വൈകാതെ സ്മിത്തിന്റെ പ്രതിരോധവും തകർന്നു. ഷമിയുടെ പന്തിൽ ക്ലീൻബൗൾഡായി സ്മിത്ത്(41) തിരിച്ചുനടന്നു. ആസ്‌ട്രേലിയ മൂന്നിന് 112. കൂട്ടത്തകർച്ച മുന്നിൽകണ്ട ആസ്‌ട്രേലിയയെ കരകയറ്റാനുള്ള ദൗത്യം പിന്നീട് ഏറ്റെടുത്തത് മാർനസ് ലബുഷൈൻ. നാലാം വിക്കറ്റിൽ കാമറോൺ ഗ്രീനുമായി ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.

എന്നാൽ, നിർഭാഗ്യകരമായൊരു സ്റ്റംപിങ്ങിൽ ലബുഷൈനും വീണു. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ ആർ. അശ്വിന്റെ പന്തിൽ നാടകീയനീക്കങ്ങൾക്കൊടുവിലായിരുന്നു വിക്കറ്റ്. ലബുഷൈന്റെ റിവേഴ്‌സ് സ്വീപ്പ് ശ്രമം പാളിയെങ്കിലും പന്ത് കൈയിലൊതുക്കാൻ വിക്കറ്റിനു പിറകിൽ രാഹുലിനായില്ല. എന്നാൽ, പന്ത് നേരെ രാഹുലിന്റെ കാലിൽ തട്ടി സ്റ്റംപിൽ. ലബുഷൈൻ പുറത്തും. 49 പന്തിൽ മൂന്ന് ഫോർ സഹിതം 39 റൺസെടുത്ത് താരം മടങ്ങി. പിന്നാലെ റണ്ണൗട്ടായി ഗ്രീനും(31) പുറത്ത്.

വമ്പനടിക്കുള്ള ശ്രമത്തിനിടയിൽ സ്റ്റോയ്‌നിസിനെ(29) വീഴ്ത്തി വീണ്ടും ഷമിയുടെ ബ്രേക്ത്രൂ. തൊട്ടടുത്ത ഓവറിൽ ഇംഗ്ലിസിനെ(45) പുറത്താക്കി ബുംറ മത്സരത്തിലെ ആദ്യ വിക്കറ്റും നേടി. മാത്യു ഷോർട്ട്, ഷോൺ അബൊട്ട് എന്നിവരെ കൂടി അടുത്തടുത്ത പന്തുകളിൽ തിരിച്ചയച്ച് ഷമി അഞ്ച് വിക്കറ്റ് തികച്ചു.

Summary: India vs Australia 1st ODI

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News