ഒടുവില്‍ വീണു; ബംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
കിവീസ് ജയം എട്ട് വിക്കറ്റിന്
ബെംഗളൂരു: 36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് വിജയം കുറിച്ച് ന്യൂസിലന്‍റ്. എട്ട് വിക്കറ്റിനാണ് കിവീസിന്റെ ജയം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 27 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്‍റ് അനായാസം മറികടന്നു.
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റിങ് നിരയെ 46 റൺസിന് കൂടാരം കയറ്റിയ കിവീസ് വിജയം അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ നടത്തിയ ചെറുത്ത് നിൽപ്പ് കളിയുടെ ഗതി മാറ്റുമോ എന്ന് ആരാധകർ സംശയിച്ചു. പക്ഷെ ചിന്ന സ്വാമിയിൽ ഇന്ത്യൻ ബോളർമാർ അത്ഭുതങ്ങളൊന്നും കാണിച്ചില്ല.
27 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്റ് വിജയമെത്തിപ്പിടിച്ചു. ആദ്യ ഇന്നിങ്‌സിലെ ഹീറോ രചിൻ രവീന്ദ്ര തന്നെയാണ് കിവീസിനെ വിജയ തീരമണച്ചതും. 1988 ന് ശേഷം ആദ്യമായാണ് കിവീസ് ഇന്ത്യൻ മണ്ണിൽ വിജയം കുറിക്കുന്നത്.